ജിയോളജി, ഭൂജല വിദഗ്ധരുടെ നേതൃത്വത്തിൽ പ്രദേശത്ത് കൂടുതൽ പരിശോധന നടത്തും. ആവശ്യമെങ്കിൽ ഭൂമികുലുക്ക മുന്നറിയിപ്പ് സംവിധാനം പ്രദേശത്ത് സ്ഥാപിക്കും. നിലവിൽ പ്രദേശത്തു നിന്ന് ജനങ്ങൾ താമസം മാറേണ്ട സാഹചര്യമില്ലന്നും കളക്ടർ വ്യക്തമാക്കി. മലപ്പുറം പോത്തുകല്ല്, ആനക്കല്ല് പട്ടികവർഗ നഗർ ഭാഗത്താണ് ഭൂമിക്കടിയിൽ നിന്നും ഉഗ്ര ശബ്ദം കേട്ടത്. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് പരിസരവാസികൾ പറയുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് രാത്രി ഒമ്പതരയോടയാണ് സംഭവം. സംഭവത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രതികരിച്ചത്.
പ്രദേശത്തെ താമസക്കാരെ ബന്ധുവീടുകളിലേക്കും ബാക്കിയുള്ളവരെ സമീപത്തെ സ്കൂളിലേക്കും മാറ്റിയിരുന്നു. രണ്ടു തവണ ശബ്ദമുണ്ടായെന്ന് നാട്ടുകാർ പറയുന്നു. രണ്ട് വീടിനും മുറ്റത്തും വിള്ളലുണ്ടായിട്ടുണ്ട്. ക്വാറികളിലും മറ്റും പാറ പൊട്ടിക്കുന്നതു പോലെയുള്ള ശബ്ദമുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. അതിനു ശേഷം ചെറിയ ശബ്ദങ്ങളുണ്ടായെന്നും നാട്ടുകാർ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കളക്ടർ പ്രദേശത്ത് സന്ദർശിച്ചത്.