കൊച്ചി: അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ഏഴ് മാസം പ്രായമുള്ള ഇസമോളുടെ ആരോഗ്യനിലയിൽ പുരോഗതി. തിരുവനന്തപുരം സ്വദേശി വിനോജിന്‍റെ ഏഴ് മാസം പ്രായമുള്ള മകൾ ഇസ ആൻ വിനോജ് ആണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നത്. സർജറിക്ക് പിന്നാലെ ഇൻഫ്ക്ഷൻ ഉള്ളതിനാൽ കുഞ്ഞ് നിലവിൽ വെന്‍റിലേറ്ററിലാണെന്നും ആരോഗ്യം മെച്ചപ്പെട്ടതായും പിതാവ് പറഞ്ഞു.
കുഞ്ഞിന്റെ അമ്മ ജിസ്ന ആണ് ഇസക്ക് കരൾ പകുത്ത് നൽകിയത്. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി 35 ലക്ഷത്തോളം രൂപയോളമാണ് ചെലവ് വരുന്നത്. നിരവധി പേരുടെ സഹായത്താൽ ശസ്ത്രക്രിയ നടത്താനായി. ഇനിയും 15 ലക്ഷത്തോളം രൂപ ആശുപത്രിയിലേക്കും തുടർ ചികിത്സയ്ക്കുമായി ആവശ്യമുണ്ട്- വിനോജ് പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബം തുടർചികിത്സയക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ്.