ഇടുക്കി: ബസുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താനാവശ്യമായ സ്പെയര്‍ പാര്‍ട്സുകളും മെക്കാനിക്കല്‍ ജീവനക്കാരുമില്ലാതെ ഇടുക്കിയിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പ്രതിസന്ധിയില്‍. ഇതിനാൽ തൊടുപുഴ ഉള്‍പ്പെടെ ജില്ലയിലെ പല ഡിപ്പോകളിലും സര്‍വീസുകള്‍ കൃത്യമായി നടത്താന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ബസുകള്‍ കട്ടപ്പുറത്താകുന്നതോടെ പല റൂട്ടുകളിലും യാത്രക്കാർ ദുരിതത്തിലാണ്.
ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതും ടയര്‍ പൊട്ടിയതുമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. തൊടുപുഴ ഡിപ്പോയില്‍ മുന്‍പ് 56 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 48 ഷെഡ്യൂളുകളാണ് നടത്തുന്നത്. ആകെ 55 ബസുകളാണ് ഡിപ്പോയിലുള്ളത്. വൈക്കം, ചേലച്ചുവട് റൂട്ടിലോടുന്ന ബസുകള്‍ മിക്ക ദിവസവും പണിമുടക്കുന്നതായി യാത്രക്കാര്‍ പറയുന്നു. ബ്രേക്ക് ഡ്രം, സ്ലാക്ക് അഡ്ജസ്റ്റര്‍ എന്നിവയ്ക്കാണ് ഏറ്റവും ക്ഷാമം. ഹൈറേഞ്ച് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പ്രധാനമായും ഇവയുമായി ബന്ധപ്പെട്ട തകരാറുകളാണ് ഉണ്ടാകാറുള്ളത്.
സ്പെയര്‍ പാര്‍ട്സ് ലഭ്യമല്ലാത്തതിനാല്‍ എന്‍ജിന്‍ തകരാറിലായി കിടക്കുന്ന ഏതെങ്കിലും ബസില്‍ നിന്ന് സ്പെയര്‍ പാര്‍ട്സ് എടുത്ത് മാറ്റിയിട്ടാണ് അടിയന്തര ഘട്ടങ്ങളില്‍ താത്ക്കാലികമായി പ്രശ്നം പരിഹരിക്കുന്നത്. മെക്കാനിക്കല്‍ ജീവനക്കാരുടെ കുറവും ടയര്‍ ക്ഷാമവും ഡിപ്പോയെ അലട്ടുന്നുണ്ട്.