27.3 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശബരിമലയില്‍ സ്പോട്ട്ബുക്കിംഗ് ഒഴിവാക്കിയത്: ദേവസ്വംമന്ത്രി
Uncategorized

സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശബരിമലയില്‍ സ്പോട്ട്ബുക്കിംഗ് ഒഴിവാക്കിയത്: ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പോലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗ മാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം 80,000-ന് മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. ഇതിനായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മാത്രം മതിയോ എന്നതും, സ്പോട്ട് ബുക്കിംഗ് അനുവദിക്കേണ്ടതുണ്ടോ എന്നും യോഗം വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി.സ്പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയാല്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞുപോകുന്നതാണ് മുന്‍കാലങ്ങളില്‍ കണ്ടുവരുന്നത്. അത് തീര്‍ത്ഥാട- കര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതും തിരിക്ക് നിയന്ത്രണത്തെയും മറ്റ് മുന്നൊരുക്കങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അത് സുഗമമായ തീര്‍ത്ഥാടനത്തിന് തടസ്സം വരുത്തുകയും ചെയ്യുമെന്ന് യോഗം വിലയിരുത്തി.

2024-25 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിമാത്രം തീര്‍ത്ഥാടകരെ അനുവദിക്കുന്നതാണ് സുഗമമായ തീര്‍ത്ഥാടനത്തിന് ഉചിതമെന്ന് വിലയിരുത്തി തീരുമാനം എടുത്തു.

കഴിഞ്ഞ തീർത്ഥാടനകാലത്ത് ആദ്യഘട്ടത്തിൽ വെർച്ച്വൽ ക്യൂ വഴി 90000 പേർക്കും സ്പോട്ട് ബുക്കിങ്ങിൽ 10000 പേർക്ക് പ്രവേശനം നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ 80000 വും 10000 വുമായി നിജപ്പെടുത്തി മൂന്നാം ഘട്ടത്തിൽ ഇത് 70000 വും 10000 മായി കുറച്ചിരുന്നു. ഈ അനുഭവംകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടിയെന്ന് മന്ത്രി പറഞ്ഞു.

സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുകയും വെര്‍ച്വല്‍ ക്യൂ മുഖേന പ്രതിദിനം 80,000 തീര്‍ത്ഥാടകരെ അനുവദിക്കുകയും ചെയ്തു. കൂടാതെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതിനായി തീര്‍ത്ഥാടകര്‍ ഏത് പാതയാണ് തീര്‍ത്ഥാടനത്തിന് തെരെഞ്ഞെടുക്കുന്നതെന്ന വിവരം കൂടി വെര്‍ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

ബുക്കിങ്ങ് സുഗമമാക്കാൻ വെര്‍ച്വൽ ക്യൂവിലെ സ്ലോട്ടിന് കളര്‍ കോഡിംഗ് നല്‍കി കൂടുതല്‍ തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്തിട്ടുള്ള സ്ലോട്ടുകള്‍ എളുപ്പത്തില്‍ മനസിലാക്കുന്ന തരത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വെര്‍ച്വല്‍ ക്യൂ സോഫ്റ്റ് വെയറില്‍ വരുത്തും. ക്രമീകരണങ്ങൾ സുഗമമാക്കാൻ ഓരോദിവസവും വെര്‍ച്വല്‍ ക്യൂവഴി ബുക്ക്ചെയ്യുന്ന തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചിത ഫോര്‍മാറ്റില്‍ ജില്ലാ ഭരണകൂടത്തിനും പോലീസിനും കാലേകൂട്ടി നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ടന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.

Related posts

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ചു; പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ

Aswathi Kottiyoor

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3; ഭ്രമണപഥം നാലാമതും ഉയർത്തി*

Aswathi Kottiyoor

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox