29.1 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വയനാടിന് പുതുജീവനേകാന്‍ രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍
Uncategorized

വയനാടിന് പുതുജീവനേകാന്‍ രണ്ടാമത് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 27, 28, 29 തീയതികളില്‍

വയനാട്: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയിലാണ് വയനാട് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും ഈ വര്‍ഷത്തെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവം ഒരു സമാശ്വാസോത്സവമായിട്ടായിരിക്കും നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു.

സംവാദങ്ങള്‍, സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, കഥയരങ്ങ്, കവിയരങ്ങ് തുടങ്ങിയ പരിപാടികളിലായി അരുന്ധതി റോയ്, മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ഭരണഘടനാ വിദഗ്ധനും സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനുമായ ശ്യാം ദിവാന്‍, സഞ്ജയ് കാക്, സാറാ ജോസഫ്, എന്‍.എസ്. മാധവന്‍, കെ. സച്ചിദാനന്ദന്‍, എം. മുകുന്ദന്‍, സി.വി. ബാലകൃഷ്ണന്‍, സക്കറിയ, കല്‍പ്പറ്റ നാരായണന്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, കെ.ആര്‍. മീര, പ്രഭാവര്‍മ്മ, സന്തോഷ് ജോര്‍ജ് കുളങ്ങര, സുനില്‍ പി. ഇളയിടം, പി.കെ. പാറക്കടവ്, സണ്ണി എം. കപിക്കാട്, വീരാന്‍കുട്ടി, മനോജ് ജാതവേദര്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വി.എസ്. അനില്‍കുമാര്‍, ബീനാപോള്‍, മധുപാല്‍, ഷീലാ ടോമി, ശീതള്‍ ശ്യാം, സുകുമാരന്‍ ചാലിഗദ്ദ എന്നിവര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.

അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സും ഇത്തവണത്തെ ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിക്കും. സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോളപ്രശസ്തരായ നിരവധി പേര്‍ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ലണ്ടനിലെ കിംഗ്സ് കോളേജിലെ പ്രൊഫ. ക്രിസ്റ്റോഫ് ജഫ്രലോട്ട് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ജോണ്‍ കീ, നോവലിസ്റ്റും ന്യൂയോര്‍ക് വാസ്സര്‍ കോളേജ് പ്രൊഫസ്സറുമായ അമിതാവ കുമാര്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ കരോലിന്‍ ബക്കി എന്നിവരും അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

സാഹിത്യോത്സവത്തോടനുബന്ധിച്ച് അഖിലേന്ത്യാ ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ഫെയര്‍, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, ഭക്ഷ്യമേള, കാര്‍ഷിക വിപണി, പൈതൃക നടത്തം, ആര്‍ട് ബിനാലെ, കുട്ടികളുടെ വിനോദ-വിജ്ഞാനക്കളരി, ചെസ്സ് ടൂര്‍ണമെന്‍റ്, ഫാഷന്‍, ഫോട്ടോഗ്രഫി, സംരംഭകത്വം എന്നിവയില്‍ മാസ്റ്റര്‍ ക്ലാസുകള്‍, കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിന്‍ പുരസ്‌കാരം, ഫോട്ടോഗ്രാഫി പുരസ്‌കാരം എന്നിവയും സാഹിത്യോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഫെസ്റ്റിവലിന്‍റെ സുഗമമായ നടത്തിപ്പിനായി ഒക്ടോബര്‍ 9-ന് ബുധനാഴ്ച 4 മണിക്ക് മാനന്തവാടി ദ്വാരക കാസാ മരിയയില്‍ വച്ച് ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരണയോഗം ചേരും. കാരവന്‍ മാഗസിന്‍റെ മുന്‍ എഡിറ്ററായിരുന്ന ഡോ. വിനോദ് കെ. ജോസാണ് വയനാട് സാഹിത്യോല്‍സവത്തിന്‍റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ. ജോസഫ് കെ. ജോബ്, പത്രപ്രവര്‍ത്തക ലീന ഗീതാ രഘുനാഥ്, എഴുത്തുകാരന്‍ വി.എച്ച്. നിഷാദ് എന്നിവരാണ് ക്യുറേറ്റര്‍മാർ.

Related posts

ആയുഷ് മേഖലയില്‍ 207.9 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രത്തിന്‍റെ അനുമതി

Aswathi Kottiyoor

ഇനി ക്യൂ നിക്കണ്ട; കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റും

Aswathi Kottiyoor

വയറ്റിൽ ആറ് മാസം പ്രായമുള്ള ‘സ്റ്റോൺ ബോബി’; കടുത്ത വയറുവേദയുമായി എത്തിയ 27കാരിയിൽ കണ്ടെത്തിയത് അപൂർവ പ്രതിഭാസം

Aswathi Kottiyoor
WordPress Image Lightbox