• Home
  • Uncategorized
  • ’15 തവണ അവർ വിളിച്ചു, ചോദിച്ചത് 1 ലക്ഷം’; വ്യാജ കോളിൽ അമ്മ കുഴഞ്ഞ് വീണ് മരിച്ചത് മാനസിക സമ്മർദ്ദത്തിലെന്ന് മകൻ
Uncategorized

’15 തവണ അവർ വിളിച്ചു, ചോദിച്ചത് 1 ലക്ഷം’; വ്യാജ കോളിൽ അമ്മ കുഴഞ്ഞ് വീണ് മരിച്ചത് മാനസിക സമ്മർദ്ദത്തിലെന്ന് മകൻ

ആഗ്ര: മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന വ്യാജ ഫോൺകോളിൽ മനംനൊന്ത് ആഗ്രയിലെ അധ്യാപിക മാലതി വർമ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാവിലെ പതിനൊന്ന് മണിയോടെയാണ് അമ്മയുടെ ഫോണിലേക്ക് ഭീഷണി സന്ദേശം എത്തുന്നതെന്ന് മാലതി വർമയുടെ മകൻ ദിപാൻഷു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ’15 തവണ അവർ വിളിച്ചു, ഒരു ലക്ഷം രൂപയാണ് കേസിൽ നിന്ന് സഹോദരിയെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്. അമ്മ ഏറെ സമ്മർദ്ദത്തിലാണ് വീട്ടിലേക്ക് എത്തിയത്’- കുടുംബത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച് ദിപാൻഷു പറയുന്നു.

ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന അമ്മ വീട്ടിലെത്തിയതിന് പിന്നാലെ തന്നെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. സഹോദരിക്ക് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ഫോൺ കോൾ തട്ടിപ്പാണെന്നും അമ്മയോട് വിശദീകരിച്ചതാണ്. എന്നാൽ ആകെ പരിഭ്രാന്തിയിലായ അമ്മ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് മകൻ പറയുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്നും ഇനി ആർക്കും ഈ ഗതി വരരുതെന്നും ദിപാൻഷു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. മാലതി വർമ്മക്ക് വാട്സ്അപ്പിൽ ആണ് കോൾ വന്നത്. കോൾ അറ്റന്‍റ് ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഫോട്ടോ ആണ് തെളിഞ്ഞത്. കോളേജിൽ പഠിക്കുന്ന മകൾ സെക്സ് റാക്കറ്റിന്‍റെ ഭാഗമാണെന്നും റെയ്ഡിൽ പിടികൂടിയെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. താൻ പറയുന്ന അക്കൌണ്ടിലേക്ക് ഒരു ലക്ഷം രൂപയിട്ടാൽ മകൾ സുരക്ഷിതയായി വീട്ടിലെത്തുമെന്ന് വിളിച്ചയാൾ പറഞ്ഞു. സംഭവം കേസാകാതിരിക്കാനും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ എത്താതിരിക്കാനും മകൾ സെക്സ് റാക്കറ്റിന്‍റെ പിടിയിലായ കാര്യം പുറത്തറിയാതിരിക്കാനുമാണ് പണം നിക്ഷേപിക്കാൻ പറയുന്നതെന്നും വിളിച്ചയാൾ പറഞ്ഞു. ഭയന്ന അധ്യാപികയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ അധ്യാപികയെ വിളിച്ച വാട്സ്ആപ്പ് നമ്പർ ടെലികോം മന്ത്രാലയം റദ്ദാക്കി. കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം, തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു. മൊബൈൽ നമ്പർ ഉപയോഗിച്ചുളള തട്ടിപ്പ് ഒഴിവാക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നും ടെലികോം മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാനിൽ നിന്നുള്ള നമ്പറിലാണ് സന്ദേശം എത്തിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related posts

കേരളീയം; ശ്രദ്ധേയമായി ചാന്ദ്രയാന്‍ 2 ദൗത്യത്തിൽ കേരളത്തിന്റെ സംഭാവനകള്‍ എടുത്തുകാട്ടിയ പ്രദര്‍ശനം

Aswathi Kottiyoor

കടുവകളെ കയറ്റി അയയ്ക്കാൻ ഇന്ത്യ, ഈ വര്‍ഷം നാലെണ്ണത്തിനെ കംബോഡിയയിലേക്ക് കൊണ്ടുപോകും

Aswathi Kottiyoor

തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ

Aswathi Kottiyoor
WordPress Image Lightbox