തിരുവനന്തപുരം: വീടുവിട്ടിറങ്ങി വ്യാപകമായ തെരച്ചിലിനൊടുവിൽ കണ്ടെത്തിയ അസം സ്വദേശിനിയായ പെൺകുട്ടി തിരുവനന്തപുരത്തെ പട്ടം ഗവൺമെന്‍റ് ഗേൾസ് സ്കൂളിൽ ഏഴാം ക്ലാസിൽ പ്രവേശനം നേടി. ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള വീട്ടിലാണ് കുട്ടി താമസിക്കുന്നത്. അവൾ കേരളത്തിന്റെ മകളായി വളരുമെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അമ്മയോട് പിണങ്ങിയാണ് കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അസം സ്വദേശിയായ കുട്ടി ഇറങ്ങിപ്പോയത്. ട്രെയിൻ കയറി സ്വദേശമായ അസമിലേക്ക് പോകാനായിരുന്നു ശ്രമം. അസമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിക്കാനാണ് കുട്ടി ആഗ്രഹിച്ചത്. ട്രെയിനിലുണ്ടായിരുന്ന വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവർത്തകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിനെയും ആർ പി എഫിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കേരളത്തിൽ തിരിച്ചെത്തിച്ചു. എന്നാൽ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോടൊപ്പം പോവാൻ തയ്യാറായില്ല.
മാതാപിതാക്കള്‍ക്കൊപ്പം പോകുന്നില്ലെന്ന് 13 കാരി വ്യക്തമാക്കി. വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയെ വിശാഖപട്ടണത്തു നിന്നും കണ്ടെത്തിയ ശേഷം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. കൗണ്‍സിലിങിനുശേഷം കുട്ടിയെ അസമിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കളെത്തിയെങ്കിലും ഒപ്പം പോകാൻ കുട്ടി തയ്യാറായില്ല.
കുട്ടിയെ നിർബന്ധിച്ച് കൊണ്ടുപോകാൻ രക്ഷിതാക്കള്‍ ശ്രമിച്ചപ്പോള്‍ സിഡബ്ല്യുസി അധികൃതര്‍ ഇടപെട്ടു. തുടര്‍ന്ന് പൊലീസിന്‍റെ സഹായം തേടി. കുട്ടിയ്ക്ക് പോകാൻ ഇഷ്ടമില്ലാത്തിനാൽ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. പൊലീസെത്തിയാണ് സംരക്ഷണ കേന്ദ്രത്തിൽ നിന്നം മാതാപിതാക്കളെ തിരിച്ചയച്ചത്. കുട്ടിയുടെ പഠനവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി അറിയിച്ചിരുന്നു. പിന്നാലെയാണ് പട്ടത്തെ സ്കൂളിൽ പ്രവേശനം നേടിയത്.