22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഇരിട്ടി മേഖലയിലെ മോഷണക്കേസിൽ പെട്ട 2 പ്രതികൾ വീരാജ് പേട്ടയിൽ പിടിയിൽ; പിടിയിലായവർ കേരള- കർണ്ണാടക സംസ്ഥാനത്തിലെ 11 കേസുകളിൽ ഉൾപ്പെട്ടവർ
Uncategorized

ഇരിട്ടി മേഖലയിലെ മോഷണക്കേസിൽ പെട്ട 2 പ്രതികൾ വീരാജ് പേട്ടയിൽ പിടിയിൽ; പിടിയിലായവർ കേരള- കർണ്ണാടക സംസ്ഥാനത്തിലെ 11 കേസുകളിൽ ഉൾപ്പെട്ടവർ

ഇരിട്ടി: ഇരിട്ടി,കുടക്,മൈസൂരു മേഖലകളിൽ കടകൾ, വീട്, ക്ഷേത്രം, മസ്ജിദ്, കൃസ്ത്യൻ പള്ളി എന്നിവിടങ്ങളിൽ കവർച്ചയും ബൈക്ക് മോഷണവും പതിവാക്കിയ മലയാളികളായ രണ്ട് മോഷ്ടാക്കൾ വീരാജ്പേട്ടയിൽ അറസ്റ്റിൽ. ഉളിക്കൽ മണ്ഡപപ്പറമ്പിലെ ടി.എ. സലിം (42), കുടക് സോമവാർപേട്ട ഗാന്ധിനഗറിലെ താമസക്കാരനും മലയാളിയുമായ സഞ്ജു എന്ന സഞ്ജയ് കുമാർ (30) എന്നിവരെയാണ് വീരാജ്പേട്ട പോലീസും ഇരിട്ടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ഇരുപത് വർഷമായി കേരളം, കുടക്, മൈസൂർ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാവുകയും ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്തയാളാണ് സലിം.

കഴിഞ്ഞ ജൂലായിൽ വീരാജ്പേട്ടയിലെ നയരാ പെട്രോൾ പമ്പിൽ മോഷണം നടത്തി പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും നിരവധി മോഷണങ്ങളിൽ ഇയാൾ പ്രതിയായതെന്ന് വീരാജ്പേട്ട പോലീസ് പറഞ്ഞു.കഴിഞ്ഞമാസം 10 ന് മാടത്തിൽ പൂവ്വത്തിൻ കീഴിൽ ഭഗവതി ക്ഷേത്രം, പെരിങ്കരി പള്ളി, കേളകത്തെ ഒരു മസ്ജിദ്, ഒരു വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയത് ഇവരായിരുന്നു. തുടർന്നു 21 ന് ഇരിട്ടി ടൗണിലെ രണ്ട് മൊബൈൽ ഷോപ്പുകളുടെ പൂട്ട് തകർത്ത് അകത്തുകടന്ന ഇവർ മൊബൈലുകളും പണവും കവർന്ന ശേഷം ഇരിട്ടി സി പി എം ഏരിയാകമ്മിറ്റി ഓഫീസിനു മുൻവശം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞു. ഇരിട്ടി മേഖലയിലെ കവർച്ചകൾക്കും രണ്ട് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചതിനും ഇവർക്കെതിരെ കേസ്സെടുത്തു.

കുടക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 5 കേസുകളും മൈസൂർ സിറ്റി സ്റ്റേഷനിൽ 2 കേസും കണ്ണൂർ ജില്ലയിൽ നാല് കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,50,000 രൂപ വിലമതിക്കുന്ന മൂന്ന് ഇരുചക്രവാഹനങ്ങളും 9050 രൂപയും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
സഞ്ജയ് കുമാറിനെ ജയിലിൽ വച്ചാണ് സലിം പരിചയപ്പെടുന്നത്. 2011ൽ മോഷണക്കേസിൽ മടിക്കേരി ജയിലിൽ കഴിയുമ്പോഴായിരുന്നു ഇവർ തമ്മിൽ പരിചയപ്പെട്ടത്. ഇതിനുശേഷം കുശാൽനഗർ, മടിക്കേരി, ഹുൻസൂർ, പെരിയപട്ടണം, കേരളത്തിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇരുവരും സംയുക്തമായി കവർച്ച നടത്തിയതായും വീരാജ്പേട്ട പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം ഇരിട്ടിയിലെ മൊബൈൽഷോപ്പുകളിൽ കവർച്ച നടത്തിയശേഷം ബൈക്കും കവർന്നു കടഞ്ഞുകളഞ്ഞ മോഷ്ടാക്കളെക്കുറിച്ച് ഇരിട്ടി പോലീസും അന്വേഷണം നടത്തി വരികയായിരുന്നു. അന്ന് ഇവിടുത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നിന്നും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇരിട്ടിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി ഇവർ തലശേരി ഭാഗത്തേക്ക് പോയതും തിരിച്ച് കൂട്ടുപുഴവഴി കര്ണ്ണാടകത്തിലേക്കു കടന്നതുമായ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഇരിട്ടി സി.ഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള
പോലീസും കർണ്ണാടകത്തിൽ പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടയാണ് ഇവർ രണ്ടുപേരും പിടിയിലാകുന്നത്.

ജില്ലാ പോലീസ് സൂപ്രണ്ടുമാരായ കെ.എൻ. രാമരാജൻ്റെയും അഡീഷണൽ ജില്ലാ സൂപ്രണ്ട് കെ. സുന്ദര് രാജിൻ്റെ നിർദ്ദേശപ്രകാരം വീരാജ് പേട്ട സബ് ഡിവിഷന് ഡി വൈ എസ് പി മോഹൻ കുമാർ , വിരാജ് പേട്ട സർക്കിൾ ഇൻസ്‌പെക്ടർ ബി. ശിവരുദ്ര, വിരാജ് പേട്ട റൂറൽ പോലീസ് സ്റ്റേഷൻ പി എസ് ഐ സി.സി. മഞ്ജുനാഥ്, പി എസ് ഐ (അന്വേഷണം) വാണിശ്രീ, സ്റ്റാഫ്, സയൻ്റിഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പി ഐ രാമകൃഷ്ണ, സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഇണ്ടായിരുന്നു. ഇരിട്ടി സി ഐ എ . കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷനിലെസീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഷിജോയ്, ബിനീഷ്, സുകേഷ്, പ്രവീൺ, ആറളം പോലീസ് സ്റ്റേഷനിലെ ജയദേവൻ എന്നിവരുമാണ് ഉള്ളത്. നിലവിൽ കർണ്ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ അന്വേഷണത്തിനായി ഇരിട്ടിയിൽ എത്തിക്കും .

Related posts

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിൽ

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ’വായനാവസന്തത്തിന്’ തുടക്കം കുറിച്ചു

Aswathi Kottiyoor

അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീട് കാട്ടാനയാക്രമണത്തിൽ തകർന്നു

Aswathi Kottiyoor
WordPress Image Lightbox