29.9 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ‘പാലിയേക്കര ടോൾ കരാർ കമ്പനിക്ക് 2129 കോടി പിഴ’, ടോള്‍ വർധിപ്പിക്കാനുള്ള നീക്കം സർക്കാർ തടയണമെന്ന് ഡിസിസി
Uncategorized

‘പാലിയേക്കര ടോൾ കരാർ കമ്പനിക്ക് 2129 കോടി പിഴ’, ടോള്‍ വർധിപ്പിക്കാനുള്ള നീക്കം സർക്കാർ തടയണമെന്ന് ഡിസിസി


തൃശൂര്‍: കരാര്‍ ലംഘനത്തിന് പാലിയേക്കര ടോള്‍ കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ ദേശീയപാത അതോറിറ്റി പിഴ ചുമത്തിയ സാഹചര്യത്തില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള കരാര്‍ കമ്പനിയുടെ നീക്കം സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് ഡി സി സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. സെപ്തംബര്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. ഇത് അനുവദിക്കരുതെന്നും ടോൾ കമ്പനിയുടെ നീക്കം സർക്കാർ തടയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് മന്ത്രി മുഹമ്മദ് റിയാസിനും പൊതുമരാത്ത് സെക്രട്ടറിക്കും കളക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ കരാര്‍ ലംഘനം തങ്ങള്‍ നിരന്തരമായി പുറത്തുകൊണ്ടുവരുന്നതിനാലാണ് കമ്പനിക്ക് ഇത്രയും ഭീമമായ തുക പിഴ അടയ്‌ക്കേണ്ടിവരുന്നത്. കരാര്‍ പ്രകാരം എല്ലാവര്‍ഷവും സെപ്തംബര്‍ ഒന്നിന് ചാര്‍ജ് വര്‍ധിപ്പിക്കാം. അതിന് 45 ദിവസം മുമ്പ് കരാര്‍ കമ്പനി എന്‍.എച്ച്.എ.ഐക്ക് ശുപാര്‍ശ സമര്‍പ്പിക്കണം. അത് ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കി എന്‍.എച്ച്.എ.ഐ. അനുമതി നല്‍കണമെന്നും ജോസഫ് ടാജറ്റ് ചൂണ്ടികാട്ടി.

കരാര്‍ ലംഘനത്തിന് ജൂണ്‍ 30 വരെ 2128.72 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കരാറില്‍ പറയുന്ന പ്രവൃത്തികള്‍ ചെയ്ത് തീര്‍ക്കാത്തതിനാലും കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി കരാറില്‍നിന്നും പുറത്താക്കാന്‍ എന്‍.എച്ച്.എ.ഐ. തന്നെ നടപടി സ്വീകരിച്ച സാഹചര്യത്തിലും സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാത്തതിനാലും നിരക്ക് വര്‍ധിപ്പിക്കുന്നതിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് എന്‍.എച്ച്.എ.ഐക്ക് ലീഗല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ടാജറ്റ് പറഞ്ഞു.

2022 നവംബറില്‍ നടത്തിയ സേഫ്റ്റി ഓഡിറ്റില്‍ പറയുന്ന അതി തീവ്ര, തീവ്ര അപകട സാധ്യതയുള്ള പതിനൊന്ന് ബ്ലാക്ക് സ്‌പോര്‍ട്ടുള്‍പ്പെടെ അമ്പതോളം കവലകളില്‍ നിര്‍ദേശിച്ച മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, യു ടേണ്‍ ട്രാക്കുകള്‍, സൈന്‍ബോര്‍ഡുകള്‍ തുടങ്ങി പരിഹാര നിര്‍ദേശങ്ങള്‍ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. അമ്പല്ലൂര്‍, പേരാമ്പ്ര, മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര എന്നീ അഞ്ച് ബ്ലാക്ക് സ്‌പോട്ടുകളിലെ അടിപ്പാത മാത്രമാണ് അനുവദിച്ച് പണി ആരംഭിച്ചിട്ടുള്ളത്.
മറ്റ് പ്രവൃത്തികള്‍ ഒന്നും ചെയ്തുതീര്‍ക്കാതെ നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ വര്‍ഷത്തെ നിരക്ക് വര്‍ധനവ് തടയാന്‍ ബോധിപ്പിച്ച ഹര്‍ജി ഈ ആഴ്ച വിചാരണയ്ക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. 2018ലെ നിരക്ക് വര്‍ധനയ്‌ക്കെതിരേ കേസില്‍ എല്ലാം പ്രവൃത്തികളും ചെയ്തുവെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി തീര്‍പ്പാക്കിയതാണ്.

എന്നാല്‍ ഇപ്പോഴും പ്രവൃത്തികള്‍ ചെയ്ത് തീര്‍ത്തിട്ടില്ലായെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ഇത് ഗുരുതരമായ വീഴ്ചയാണെന്നു അദ്ദേഹം പറഞ്ഞു. ജൂണ്‍ 30 വരെ 1412.45 കോടി രൂപ പിരിച്ചെടുത്തുവെന്നും ദിവസേന 42000 വാഹനങ്ങള്‍ പ്ലാസ വഴി കടന്നു പോകുന്നുവെന്നും 53 ലക്ഷം രൂപ ലഭിക്കുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇനിയും ജനങ്ങളെ കൊള്ളയടിക്കാന്‍ കമ്പനിയെ സര്‍ക്കാര്‍ അനുവദിക്കരുതെന്ന് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

Related posts

ട്രെയിനിന് തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വ്യാപക തിരച്ചിൽ

Aswathi Kottiyoor

ചപ്പാരം ഏറ്റുമുട്ടല്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി, 5 മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി എഫ്ഐആര്‍

Aswathi Kottiyoor

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox