22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മഴയിൽ ഒഴുകിയെത്തിയത് ടണ്‍ കണക്കിന് മാലിന്യം, അഴക് നഷ്ടമായി അഞ്ചുരുളി; ഡാമിന്‍റെ സംഭരണശേഷിയേയും ബാധിക്കുന്നു
Uncategorized

മഴയിൽ ഒഴുകിയെത്തിയത് ടണ്‍ കണക്കിന് മാലിന്യം, അഴക് നഷ്ടമായി അഞ്ചുരുളി; ഡാമിന്‍റെ സംഭരണശേഷിയേയും ബാധിക്കുന്നു


കട്ടപ്പന: കാലവർഷ മഴയ്ക്ക് പിന്നാലെ അഞ്ചുരുളിയുടെ അഴക് കളഞ്ഞ് മാലിന്യം. സഞ്ചാരികളാൽ സജീവമാകുന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി. പ്രകൃതി സൗന്ദര്യത്താൽ ഏറെ ആകർഷണീയമായ അഞ്ചുരുളി ജലാശയ തീരം ഇപ്പോൾ മാലിന്യ കൂമ്പാരമായിരിക്കുകയാണ്. കാലവർഷ മഴയിൽ അഞ്ചുരുളിയിലേക്ക് ഒഴുകി വന്നത് ടൺ കണക്കിന് മാലിന്യമാണ്. പ്രധാനമായും കട്ടപ്പനയാർ വന്നുചേരുന്ന ഭാഗത്താണ് മാലിന്യം കെട്ടികിടക്കുന്നത്. സൗന്ദര്യം തുളുമ്പിയിരുന്ന അഞ്ചുരുളിയുടെ ഇപ്പോഴത്തെ കാഴ്ച ദുഃഖകരമാണ്.

കടൽ തിരമാലകൾ പോലെ വെള്ളം തീരത്ത് അലയടിക്കുന്ന കാഴ്ചയായിരുന്നു അഞ്ചുരുളി ജലാശയത്തിൽ നിന്നും സഞ്ചാരികൾക്ക് മുൻപ് കാണാൻ കഴിഞ്ഞിരുന്നത്. എന്നാലിപ്പോൾ മാലിന്യം നിറഞ്ഞ ജല തടാകമായി മാറിയിരിക്കുകയാണ് സഞ്ചാരികളുടെ ഈ ഇഷ്ട കേന്ദ്രം.
കട്ടപ്പന നഗരത്തിലൂടെ അടക്കം കടന്നുപോകുന്ന കട്ടപ്പനയാറ്റിൽ നിന്നുമാണ് മാലിന്യം ഇവിടേക്ക് പ്രധാനമായും ഒഴുകിയെത്തിയത്. പലപ്പോഴും നീർച്ചാലുകളിൽ പോലും മാലിന്യം വലിച്ചെറിയുന്നതിനാൽ ഇവ വൻ തോതിൽ ഒഴുകി ഇവിടേയ്ക്ക് എത്തുകയാണ്. കട്ടപ്പനയാറും, ആറ്റിലേക്ക് ഒഴുകിവരുന്ന കൈത്തോടുകളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്.

കാലവർഷം ശക്തിയാകുന്നതോടെ വിവിധ മേഖലകളിൽ നിന്നുള്ള മാലിന്യം വഹിച്ചുകൊണ്ടാണ് അഞ്ചുരുളി ലക്ഷ്യമാക്കി കട്ടപ്പനയാർ ഒഴുകുന്നത്. ഒടുവിൽ ഇടുക്കി ഡാമിന്റെ ഭാഗമായ അഞ്ചുരുളി ജലാശയം മലീമസമായ കാഴ്ചയാണ് ദൃശ്യമാകുന്നത്. അഞ്ചുരുളി തടാകത്തിലേക്ക് കട്ടപ്പനയാർ വന്നുചേരുന്ന ഭാഗം മുഴുവനായും മാലിന്യത്താൽ നിറഞ്ഞിരിക്കുന്നു. ഏകദേശം 25 മുതൽ 30 മീറ്റർ നീളത്തിലും 10 മുതൽ 20 മീറ്റർ വീതിയിലും ആണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ഇത് സൗന്ദര്യം തുളുമ്പിയിരുന്ന അഞ്ചുരുളിയുടെ മുഖം വികൃതമാക്കുകയാണ്.

കട്ടപ്പന ആറിനു പുറമേ ഇരട്ടയാർ അണക്കെട്ടിൽ നിന്നും വലിയതോതിൽ മാലിന്യം ഇവിടേക്ക് എത്തുന്നു. ഒപ്പം പെരിയാറ്റിൽ നിന്നുള്ള മാലിന്യവും. ഇടുക്കി ഡാമിന്റെ ഭാഗമായ അഞ്ചുരുളി ജലാശയത്തിൽ മാലിന്യം നിറയുന്നത് ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷിയേയും പ്രതികൂലമായി ബാധിക്കുന്നു. ഓരോ വർഷവും ഇത്തരത്തിൽ ടൺ കണക്കിന് മാലിന്യമാണ് അഞ്ചുരുളി ജലാശയത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇത് അഞ്ചുരുളിയുടെ സൗന്ദര്യത്തിന് ഭംഗം വരുത്തുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്നവും ഉയർത്തുന്നു. അതിനോടൊപ്പം ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജല ജീവികൾക്ക് ഭീഷണിയാണ്. അഞ്ചുരുളിയുടെ മത്സ്യ സമ്പത്തിന് തന്നെ പ്രതികൂല സ്ഥിതിയാണ്. അടിഞ്ഞുകൂടുന്ന മാലിന്യം ഉണ്ടാക്കുന്നത്. നിലവിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് അഞ്ചുരുളിയുടെ സൗന്ദര്യം വീണ്ടെടുക്കണമെന്ന ആവശ്യമാണ് ഉയർന്ന് വരുന്നത്.

Related posts

എറണാകുളത്ത് ഇരുചക്ര വാഹനത്തിൽ ലോറിയിടിച്ച് ‌ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

തിരുവനന്തപുരത്ത് പൊലീസിനെ വിളിച്ചറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി.

Aswathi Kottiyoor

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി വിതരണം ചെയ്യും, തുക വര്‍ധിപ്പിക്കാനും പദ്ധതിയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox