കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് തുടങ്ങിയതാണ് ഓട്ടുപാറ സ്വദേശി ഖാദറിന് പെരുമ്പാമ്പിനെക്കൊണ്ടുണ്ടായ പൊല്ലാപ്പ്. മലവെള്ളത്തില്‍ ഒലിച്ചുവന്ന പെരുമ്പാമ്പിനെ കണ്ടതോടെ ഖാദറും നാട്ടുകാരും അക്കാര്യം മച്ചാട് ഫോറസ്റ്റ് ഓഫീസില്‍ വിളിച്ചറിയിച്ചു. രണ്ട് ജീവനക്കാര്‍ ബൈക്കിലെത്തി പാമ്പിനെ പിടിച്ച് ചാക്കില്‍ കെട്ടി ഗേറ്റിനോട് ചേര്‍ന്നു കൊണ്ടു വന്നുവച്ചു. ജീപ്പെടുത്ത് വന്ന് പാമ്പിനെ കൊണ്ടു പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് പോയതാണ്. ഇരുപത്തിനാല് മണിക്കൂറായിട്ടും കാണാഞ്ഞതോടെ ഖാദറിന് ആധിയായി.
പലതവണ റേഞ്ച് ഓഫീസില്‍ വിളിച്ചു. കൗണ്‍സിലറെക്കൊണ്ടും വിളിപ്പിച്ചു. രണ്ട് ദിവസത്തിനുശേഷം ഇന്നലെ വൈകിട്ടോടെയാണ് പാമ്പടങ്ങിയ ചാക്കുകെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. വണ്ടിയില്ലാത്തതിനാലാണ് വൈകിയതെന്ന് റേഞ്ച് ഓഫീസര്‍ പറയുന്നു. തന്‍റെ വീട്ടില്‍ നിന്ന് കൊണ്ടു പോയ പാമ്പ് ചത്തിരുന്നെന്ന് ഖാദര്‍ ആരോപിക്കുന്നുണ്ടെങ്കിലും വനം വകുപ്പത് ഇക്കാര്യം തള്ളി. വാഴായില്‍ തുറന്നുവിട്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.