കൊല്ലത്ത് വാഹനാപകടത്തിൽ ഒമ്പതുവയസുകാരന് ദാരുണാന്ത്യം സംഭവിച്ചത് കഴിഞ്ഞദിവസമാണ്. മാതാപിതാക്കൾക്കൊപ്പം സ്‍കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ തെറിച്ചു റോഡിലേക്ക് വീണ കൂട്ടിയുടെ മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. തേവള്ളി പോലെയിൽ ഡിപ്പോ പുരയിടത്തിൽ താമസിക്കുന്ന ദീപു, രമ്യ ദമ്പതികളുടെ മകൻ വിശ്വജിത്ത് (9) ആണ് മരിച്ചത്. ദേശീയ പാതയിൽ പോളയത്തോട് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു അപകടം. സ്വകാര്യ ബസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ദേവമാതാ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് വിശ്വജിത്ത്. അപകടത്തിൽ കുട്ടിയുടെ വിദ്യാർഥിയുടെ അച്ഛനും അമ്മയും നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ഇരവിപുരത്ത് നിന്ന് കുട്ടിയെ സ്‌കൂളിലാക്കാൻ പോയ വഴിയായിരുന്നു അപകടം. ഭിന്നശേഷിക്കാരനായ പിതാവും ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന അമ്മയുമാണ് കുട്ടിക്കൊപ്പം സ്‍കൂട്ടറിൽ ഉണ്ടായിരുന്നത്. ചവറയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനെ മറികടന്നപ്പോള്‍ എതിർ ദിശയിൽ നിന്നും വന്ന വാഹനം കണ്ട് ബ്രേക്ക് പിടിച്ചതിനെ തുടർന്ന് മുച്ചക്ര സ്‌കൂട്ടറില്‍ നിന്നും മൂവരും റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. കുട്ടി തെറിച്ച് വീണത് ബസിന്‍റെ പിന്നിലെ ചക്രത്തിന് അടിയിലേക്കായിരുന്നു എന്നും ഈ സമയം ബസ് മുന്നോട്ട് എടുക്കുകയും കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകൾ ഓടിക്കൂടിയ നാട്ടുകാർ മൂവരെയും ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും വിശ്വജിത്തിനെ രക്ഷിക്കാനായില്ല. മാതാപിതാക്കൾക്ക് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.