28.5 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • തോരാതെ പെരുമഴ; ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു
Uncategorized

തോരാതെ പെരുമഴ; ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. തുടര്‍ന്ന് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിലെ 21 ഷട്ടറുകള്‍ ഉയര്‍ത്തി. ഇന്ന് രാവിലെ പെയ്തു തുടങ്ങിയ മഴയില്‍ ശക്തമായ ഒഴുക്കാണ് ഭാരതപ്പുഴയില്‍ അനുഭവപ്പെടുന്നത്. ജലനിരപ്പ് കൂടിയതോടെ രണ്ടു സെന്റിമീറ്റര്‍ വീതം 21 ഷട്ടറുകളാണ് ഉയര്‍ത്തിയത്. രാവിലെ 10 മണിക്ക് ശേഷമാണ് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ജലനിരപ്പ് ഇനിയും ഉയരാന്‍ സാഹചര്യമുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇനി അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി. ഉറിയംപെട്ടി, വെള്ളാരംകുത്ത് എന്നീ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പാലക്കാട് കാക്കത്തറയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു വീണു. കാക്കത്തറ സ്വദേശിനി സരോജിനിയുടെ വീടാണ് തകര്‍ന്നു വീണത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു അപകടം. പൊരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊരിങ്ങല്‍കുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാലാണ് മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മഴക്കെടുതിയില്‍ ജില്ലയിലെ മലയോര ഭാഗങ്ങളിലടക്കം വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടി/മിന്നല്‍/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് , കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

Related posts

‘ഭര്‍ത്താവിനൊപ്പം ഇരുന്ന യുവതിയെ കയറിപ്പിടിച്ചു, വെട്ടുകത്തി കൊണ്ട് അക്രമം’; നാടകീയ സംഭവങ്ങള്‍ താമരശ്ശേരിയില്‍

കണ്ണൂർ പട്ടുവത്ത് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു

Aswathi Kottiyoor

ആശങ്കയായി വീണ്ടും എച്ച് 1 എൻ 1; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

Aswathi Kottiyoor
WordPress Image Lightbox