27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം
Uncategorized

സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം


തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം.100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ല. 1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല.

സംസ്ഥാനത്ത് ഒരു ദിവസം 200 രൂപ മൂല്യമുള്ള നാല് ലക്ഷം മുദ്രപത്രം വേണമെന്നാണ് ഏകദേശ കണക്ക്. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി 200 രൂപയുടെ മുദ്രപത്രം കിട്ടാനേയില്ല. വീട്ട് വാടക, വസ്തു വില്‍പ്പന മുതല്‍ ഭൂരിഭാഗം ഉടമ്പടികള്‍ക്കും നോട്ടറി സാക്ഷ്യപ്പെടുത്തലിനും 200 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ അവ കിട്ടാതായതോടെ ഉടമ്പടികള്‍ 500 രൂപയുടെ മുദ്രപത്രത്തിലും പിന്നീട് 1000 രൂപയുടെ മുദ്രപത്രത്തിലേക്കും മാറിയിരുന്നു.

പക്ഷെ ഇപ്പോള്‍ 1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല എന്നതാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഓരോ ആവശ്യത്തിനുമായി മുദ്രപത്രം തേടി ഇറങ്ങുന്നവർ നിരാശയോടെ മടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. മുദ്രപത്രം ഇല്ലെന്ന് മറുപടി നല്‍കി മടുത്തതോടെ ചില വെണ്ടര്‍മാര്‍ ഓഫീസിന് മുന്നില്‍ ബോര്‍ഡ് തൂക്കിയിട്ടിരിക്കുയാണ്.

രാജ്യത്ത് ഇ സ്റ്റാമ്പിങ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുദ്രപത്രം അച്ചടി നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറണം. ഇതിന്റെ ഭാഗമായി ഭൂരിഭാഗം വെണ്ടര്‍മാര്‍ക്കും സര്‍ക്കാര്‍ പരിശീലനം നല്‍കിയിട്ടുണ്ടെങ്കിലും പക്ഷെ ഇ സ്റ്റാമ്പിങ്ങ് സോഫ്റ്റ്‌വെയർ ഇപ്പോഴും പൂര്‍ണ്ണ സജ്ജമല്ല.

ഇത്തരത്തിൽ മുദ്രപത്രം ക്ഷാമം കാരണം ഉടമ്പടികള്‍ തടസ്സപ്പെടുമ്പോഴും പകരം സംവിധാനം ഒരുക്കാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍. അതേസമയം ഉടന്‍ ഇ സ്റ്റാമ്പിങ്ങിലേക്ക് മാറി പ്രതിസന്ധി പരിഹരിക്കുമെന്ന പതിവ് പല്ലവിയാണ് ട്രഷറി ഡയറക്റ്ററേറ്റിന്റെ മറുപടി.

Related posts

കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിൻ 10 ദിവസം കസ്റ്റഡിയിൽ; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പൊലീസ്

Aswathi Kottiyoor

ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി അറസ്റ്റില്‍

Aswathi Kottiyoor

വ്യാജ പരസ്യങ്ങൾ ആവർത്തിക്കരുത്; പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox