അമ്പലപ്പുഴ: ശക്തമായ കൊടുങ്കാറ്റിൽ ഷീറ്റുകൊണ്ട് നിർമിച്ച വീടിൻ്റെ മേൽക്കൂര പറന്നു പോയി. ഷീറ്റു വീണ് വീട്ടമ്മയ്ക്കും 4 വയസുള്ള കുട്ടിക്കും പരിക്കേൽക്കുകയും ചെയ്തിട്ടുള്ളതൊഴിച്ചാൽ വൻ ദുരന്തമാണ് ഒഴിവായത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡ് കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാൻ കുഞ്ഞിൻ്റെ വീട്ടിലാണ് വൻ ദുരന്തം തലനാരിഴയ്ക്ക് വഴി മാറിയത്.
ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ ആഞ്ഞു വീശിയ കൊടുങ്കാറ്റിൽ വീടിൻ്റെ ഷീറ്റുകൊണ്ടു നിർമിച്ച മേൽക്കൂര പറന്ന് സമീപത്തെ പുരയിടത്തിൽ വീഴുകയായിരുന്നു. ഹാളിലെ സീലിംഗ് ഫാനും ഷീറ്റുകൾക്കൊപ്പം പറന്നു പോയി. ഉസ്മാൻ കുഞ്ഞിൻ്റെ മരുമകൾ റഷീദ, റഷീദയുടെ 4 വയസുള്ള മകൻ അയാൻ എന്നിവരുടെ ദേഹത്ത് ഷീറ്റ് വീണ് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയിട്ടുണ്ട്. ഉസ്മാൻ കുഞ്ഞും ഭാര്യ ആബിദാ ബീവിയും കൊച്ചുമക്കളായ 9 വയസുകാരൻ അമാൻ ഷാ, 6 വയസുകാരൻ മുഹമ്മദ് യാസർ എന്നിവർ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. തല നാരിഴക്കാണ് ഇവർ രക്ഷപെട്ടത്.
ശക്തമായ കാറ്റ് തുടങ്ങി ഷീറ്റ് തകർന്നയുടൻ ഇവർ മറ്റൊരു മുറിയിലേക്ക് മാറി. വീട്ടിലെ ഫർണീച്ചറും വീട്ടുപകരണങ്ങളും ഷീറ്റും ഹോളോ ബ്രിക്സും വീണ് തകർന്നു. വീട്ടിലെ വയറിംഗും പൂർണമായി തകർന്ന അവസ്ഥയിലാണ്. അമ്പലപ്പുഴയിലെ ബേക്കറി തൊഴിലാളിയായ ഉസ്മാൻ കുഞ്ഞ് കുടുംബത്തോടൊപ്പം വർഷങ്ങളായി വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. നിരവധി സുമനസുകളുടെ കാരുണ്യം കൊണ്ട് ഏതാനും മാസം മുൻപാണ് ഈ വീട് നിർമിച്ചത്.
ഇപ്പോഴും വീടു നിർമാണം പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് കൊടുങ്കാറ്റ് ദുരന്തത്തിൻ്റെ രൂപത്തിൽ വീണ്ടും ഈ കുടുംബത്തിനെ ദുരിതത്തിലാക്കിയത്. കിടപ്പാടം നഷ്ടപ്പെട്ടതോടെ ഇനി കുട്ടികളുമായി എങ്ങോട്ട് പോകുമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.