അടിമാലി: ആധാർ വിവരങ്ങൾ പുതുക്കാൻ ചെന്നപ്പോൾ പുലിവാല് പിടിച്ച യുവാവുണ്ട് ഇടുക്കി അടിമാലിയിൽ. പേരിലെ അപാകത പരിഹരിക്കാൻ ശ്രമം നടത്തിയതോടെ, നിലവിലെ ആധാർ ബ്ലോക്കായി. ഇരുപതിലേറെ തവണ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഇനി എന്താണ് വഴിയെന്നാണ് ഇപ്പോൾ ഈ യുവാവിന്റെ ചോദ്യം.
അടിമാലി കമ്പിലൈൻ സിറ്റിയിലെ ഓട്ടോ ഡ്രൈവർ അനന്തുവിനെയാണ് ആധാർ വഴിയാധാരമാക്കിയത്. ബാങ്ക് വായ്പയെടുത്ത് മെച്ചപ്പെട്ട ഒരു സംരംഭം തുടങ്ങാനായിരുന്നു ലക്ഷ്യം. ഇതിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ആധാർ പണിതന്ന കാര്യം അനന്തുവിന് മനസ്സിലായത്. രേഖകൾക്കൊപ്പം സമർപ്പിച്ച തന്റെ ആധാർ സസ്പെന്റ് ചെയ്യപ്പെട്ടന്ന വിവരമാണ് അനന്തുവിന് കിട്ടിയത്. ആധാറിൽ ചേർത്ത പേരിലെ കുഴപ്പം പരിഹരിക്കാൻ അനന്തു അപേക്ഷ നൽകിയിരുന്നു. ഇതിന്റെ നടപടികൾ പൂർത്തിയാക്കുന്നതിനിടെ അനന്തുവിന്റെ ആധാർ ബ്ലോക്കായെന്നാണ് വിവരം. പിന്നെ ഇതുപരിഹിക്കാനുളള ഓട്ടം തുടങ്ങി. ഓരോ തവണ അപേക്ഷിച്ചപ്പോഴും റിജക്റ്റഡ് എന്ന മറുപടി മാത്രം.
എന്തുകൊണ്ട് ആധാർ ബ്ലോക്കായെന്ന ചോദ്യത്തിന് അധികൃതാരും കൃത്യമായ മറുപടിതന്നില്ലെന്ന് അനന്തു. ആധാർ സേവാ കേന്ദ്രത്തിൽ ബന്ധപ്പെട്ടപ്പോൾ ബെംഗളൂരുവിലെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഓഫീസുമായി ബന്ധപ്പെടാനായിരുന്നു ഇവർക്ക് കിട്ടിയ നിർദ്ദേശം. എന്നാൽ അവർ അപേക്ഷ കേരളത്തിലേക്ക് തന്നെ മടക്കി. ആധാറില്ലെങ്കിൽ ഒരു സേവനവും കിട്ടില്ലെന്ന കാലത്ത് തന്റേതല്ലാത്ത കാരണത്താൽ സംഭവിച്ചതാണ് ഇതൊക്കെ. എല്ലാം ശരിയാകാൻ ഇനിയെത്ര നടക്കണമെന്നാണ് അനന്തുവിന്റെ ചോദ്യം.