തിരുവനന്തപുരം: ദേശീയ ഭൂപൈതൃക പ്രദേശമായ വര്‍ക്കല പാപനാശത്തെ കുന്നിടിച്ചത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക് മറികടന്ന്. 2014ല്‍ ബീച്ചിന് സമീപം ബലിമണ്ഡപം നിര്‍മാണം തുടങ്ങിയപ്പോൾ തന്നെ, കുന്നിടിച്ചുള്ള നിര്‍മാണങ്ങള്‍ വന്‍ പാരിസ്ഥിതിക ആഘാതത്തിന് വഴിതെളിയിക്കുമെന്ന് ജിഎസ്ഐ, സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന് റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിൽ ഒരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്
വര്‍ക്കല പാപനാശം ബീച്ചിനോട് ചേര്‍ന്ന് ബലിമണ്ഡപം നിർമാണം തുടങ്ങുന്നത് 2014 ലാണ്. ദേശീയ ഭൂപൈതൃക പ്രദേശമായി പ്രഖ്യാപിച്ച വര്‍ക്കല കുന്നുകൾ ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്നത് ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, അന്ന് തന്നെ ദുരന്ത നിവാരണ വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മണ്ണിന്‍റെ പ്രത്യേക ഘടന മൂലം മഴക്കാലത്ത് മണ്ണിടിച്ചിൽ ഉണ്ടാകുമെന്നും കെട്ടിടങ്ങൾ സുരക്ഷിതമാകില്ലെന്നും റിപ്പോർട്ടിലുണ്ട്.
ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സുരക്ഷ പ്രധാനമാണെന്നും ഇതിനായി അടിയന്തരമായി കുന്നുകള്‍ക്കും ബലിമണ്ഡപത്തിനും ഇടയിൽ സമാന്തരമായി ഇരുമ്പ് വേലി സ്ഥാപിക്കണമെന്നും നിർദേശിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഒടുവിൽ അടുത്തിടെയുണ്ടായ കനത്ത മഴയിൽ കുന്നിടിഞ്ഞ് മണ്ഡപത്തിലേക്ക് പതിക്കുകയായിരുന്നു.
ദുരന്ത നിവാരണ സമിതിക്ക് കൈമാറിയ റിപ്പോർട്ട് താഴെ തട്ടിലേക്ക് അയച്ചു കൊടുക്കുകയോ തുടര്‍നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. തങ്ങള്‍ക്ക് ഇത്തരമൊരു റിപ്പോർട്ടിനെ കുറിച്ച് ഒരു അറിവുമില്ലെന്ന് വർക്കല നഗരസഭ ചെയര്‍മാൻ കെ എം ലാജി പറഞ്ഞു. വിവാദങ്ങളെ തുടർന്ന് പാപാനാശത്തെ കുന്നിടിക്കൽ നിര്‍ത്തിവെച്ചിരിക്കുകയാണ്.