തിരുവനന്തപുരം: സർക്കാർ സർവീസിലൂടെ നിരവധിപേർക്ക് തണലേകിയ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റ് ജീവനക്കാരാനായ എസ്. പാർത്ഥസാരഥി (55) ഇനി ആറ് പേർക്ക് പുതുജീവനേകും. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സജീവാംഗവും ഭക്ഷ്യ-പൊതു വിതരണ (ബി)വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറുമായ തിരുവനന്തപുരം പേട്ട സ്വദേശിയായ എസ്. പാർത്ഥസാരഥിക്ക് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്.
തുടർന്ന് പാർത്ഥസാരഥിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തയ്യാറാകുകയായിരുന്നു. തീവ്രദു:ഖത്തിലും അവയവങ്ങൾ ദാനം നൽകാൻ സമ്മതമേകിയ പാർത്ഥസാരഥിയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരാഞ്ജലികൾ അറിയിച്ചു. ജീവിതത്തിലൂടെ അനേകം പേർക്ക് തണലേകിയ പാർത്ഥസാരഥി ഇനി ആറ് പേർക്കാണ് വെളിച്ചമാകുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
പാർത്ഥസാരഥിയുടെ അവയവങ്ങൾ കേരളത്തിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന ആറ് പേർക്കാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, നേത്രപടലം, ഹൃദയ വാൽവ് എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം ഗവ മെഡിക്കൽ കോളജിനും നൽകി. നേത്രപടലം തിരുവനന്തപുരം റീജിയനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌തോൽമോളജിയ്ക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിക്ക് കൈമാറി.