22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, മാധ്യമ ധാർമികതയുടെ ആൾരൂപം, മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ഒരേയൊരു ബിആർപി
Uncategorized

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, മാധ്യമ ധാർമികതയുടെ ആൾരൂപം, മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ഒരേയൊരു ബിആർപി


മാധ്യമ ധാര്‍മികത മുറുകെപ്പിടിച്ച് ഏഴ് പതിറ്റാണ്ട് പിന്നിട്ട മാധ്യമ ജീവിതം. സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകളിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അവസാനശ്വാസം വരെ ശബ്ദമുയര്‍ത്തിയ മനുഷ്യസ്‌നേഹി. ഓര്‍മയാകുന്നത് വിശ്വാസ്യതയാവണം മാധ്യമ പ്രവര്‍ത്തകരുടെ അവശ്യഗുണമെന്ന് വിശ്വസിച്ചിരുന്ന, രാജ്യതാത്പര്യങ്ങള്‍ക്കായി തനിക്ക് ലഭിച്ച വമ്പന്‍ എക്‌സ്‌ക്ലൂസീവുകള്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച ഒരേയൊരു ബിആര്‍പി ഭാസ്‌കറാണ്.

മകനെ ഐഎഎസുകാരനാക്കണം എന്നായിരുന്നു ‘നവഭാരതം’ പത്ര ഉടമയും സാമൂഹ്യ പരിഷ്‌കരണവാദിയുമായിരുന്ന എ കെ ഭാസ്‌കറിന്റെ ആഗ്രഹം. എന്നാല്‍ മകന്റെ ആഗ്രഹം പത്രപ്രവര്‍ത്തകന്‍ ആവാനായിരുന്നു. അച്ഛന്‍ പോലുമറിയാതെ ആ മകന്‍ മറ്റൊരു പേരില്‍ നവഭാരതില്‍ ലേഖനമെഴുതി. ആദ്യം അച്ഛന്‍ എതിര്‍ത്തെങ്കിലും പിന്നീട് മകന്റെ ഇഷ്ടത്തിന് വഴങ്ങി. ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം 1952-ല്‍ ദ ഹിന്ദുവില്‍ ട്രെയിനിയായി. അങ്ങനെയാണ് ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ എന്ന തിരുവനന്തപുരത്തുകാരന്‍ രാജ്യമറിയുന്ന ബിആര്‍പി ഭാസ്‌കര്‍ എന്ന മാധ്യമപ്രവര്‍ത്തകനായി മാറിയത്. 1958ല്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ ഫിലിപ്പീന്‍സില്‍ പോയി യൂണിവേഴ്‌സിറ്റി ഓഫ് ദ ഫിലിപ്പീന്‍സില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

തിരിച്ചെത്തി പേട്രിയറ്റില്‍ ചേര്‍ന്നു. പിന്നീട് അവിടെനിന്ന് രാജിവച്ച് യുഎന്‍ഐയിലെത്തി. കൊല്‍ക്കത്തയിലും കശ്മീരിലും യുഎന്‍ഐയുടെ ബ്യൂറോ ചീഫായിരുന്നു. 18 വര്‍ഷം അവിടെ പ്രവര്‍ത്തിച്ച ശേഷം ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് എഡിറ്ററായി. 1991 ല്‍ വിരമിച്ചു. അതിനുശേഷം ഒരു വര്‍ഷത്തോളം ആന്ധ്ര പ്രദേശ് ടൈംസിന്റെ ഡയറക്ടറായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാപക എഡിറ്റോറിയല്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ദൃശ്യപാഠം രൂപപ്പെടുത്തിയവരില്‍ പ്രധാനിയാണ് ബാബു ഭാസ്‌കറെന്ന ബിആര്‍പി ഭാസ്‌കര്‍. അച്ചടി മാധ്യമത്തിന്റെ വലിയ അനുഭവ സമ്പത്തുമായി മലയാളം ടെലിവിഷനിലെത്തി വാര്‍ത്തയുടെ ദൃശ്യഭാഷ നിര്‍മ്മിച്ച ആദ്യ തലമുറക്കാരന്‍. ഇക്കാണുന്ന ടെലിവിഷന്‍ വാര്‍ത്തയെ ഇതേപടിയാക്കിയവരില്‍ ഒരാള്‍.

അടിയന്തരാവസ്ഥക്കാലത്തെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ബിആര്‍പിയെന്ന പേര് അടയാളപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ നിരവധിയുണ്ട്. ‘അസമയത്ത് വിവരം പുറത്തുവിടുന്നത് ശത്രുക്കളെയേ സഹായിക്കൂ’ എന്ന വിക്രം സാരാഭായിയുടെ വാക്കുകളുടെ ഗൌരവം ഉള്‍ക്കൊണ്ട്, തന്റെ കൈവശം ഉണ്ടായിരുന്ന ഇന്ത്യന്‍ ബഹിരാകാശ ഭാവി പദ്ധതിയുടെ എല്ലാ വിവരങ്ങളുമടങ്ങിയ സ്‌കൂപ്പ് പ്രസിദ്ധീകരിക്കേണ്ടെന്ന് തീരുമാനിച്ചത് ബിആര്‍പി ഒരിക്കല്‍ പറയുകയുണ്ടായി. അവസാനശ്വാസം വരെ ബിആര്‍പി ആ ജാഗ്രത നിലനിര്‍ത്തി.

1993 മുതല്‍ തിരുവനന്തപുരത്തും 2017 മുതല്‍ ചെന്നൈയിലുമായാണ് താമസിച്ചിരുന്നത്. ജനുവരിയിലാണ് വീണ്ടും തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി – കേസരി മാധ്യമ പുരസ്‌കാരം 2014 -ല്‍ ലഭിച്ചു. ‘ന്യൂസ് റൂം’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. 2023-ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ പുസ്തകത്തിനായിരുന്നു. ‘ദ ചെയ്ഞ്ചിംഗ് മീഡിയസ്‌കേപ്’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളില്‍ എന്നും മുന്‍നിരയില്‍ നിന്ന ബിആര്‍പി, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ രമയുടെ മരണവും ഏക മകള്‍ ബിന്ദു ഭാസ്‌കര്‍ കാന്‍സര്‍ ബാധിച്ച് അകാലത്തില്‍ മരിച്ചതും ബിആര്‍പിയെ തളര്‍ത്തിയിരുന്നു. വ്യക്തവും സ്പഷ്ടവുമായ ഓര്‍മ്മ, ഉന്നതമായ നീതിബോധം, നിലപാടിലെ സ്ഥൈര്യം, സമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലെ വ്യക്തമായ കാഴ്ചപ്പാട്, സമകാലിക സംഭവങ്ങളിലെ കൃത്യമായ ധാരണ, ലാളിത്യവും നര്‍മ്മബോധവും എന്നിവയൊന്നും കൈവിടാതെ 92-ാം വയസ്സിലാണ് ബിആര്‍പിയുടെ അന്ത്യം.

Related posts

ഡെങ്കിപ്പനി കേസുകളിൽ സംസ്ഥാനത്ത് മൂന്നിരട്ടി വർധന; മരണസംഖ്യ കുത്തനെ കുറഞ്ഞത് ആശ്വാസം

Aswathi Kottiyoor

കേരളവര്‍മയില്‍ പോള്‍ ചെയ്ത വോട്ടുകൾ സംബന്ധിച്ച് വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കണം

Aswathi Kottiyoor

ലോകകപ്പിലെ മിന്നും പ്രകടനം; ജന്മനാട്ടിൽ പ്ര​ഗ്നാനന്ദക്ക് ​ഗംഭീര വരവേൽപ്, 30 ലക്ഷം രൂപയുടെ സർക്കാർ പാരിതോഷികം

Aswathi Kottiyoor
WordPress Image Lightbox