ആദിമ മനുഷ്യന്‍റെയും ആധുനീക മനുഷ്യന്‍റെയും ഏറ്റവും വലിയ ആശങ്ക മരണാനന്തര ജീവിതത്തെ കുറിച്ചാണ്. മരണാനന്തര ജീവിതത്തില്‍ ഉപയോഗിക്കുന്നതിനോ അതല്ലെങ്കില്‍ മരണ ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഉപയോഗിക്കുന്നതിനോ ആയി മൃതദേഹത്തോടൊപ്പം നിരവധി വസ്തുക്കള്‍ പുരാതന കാലത്ത് അടക്കം ചെയ്യപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള രാജാവിന്‍റെയോ രാജകുടുംബാംഗങ്ങളുടെയോ പ്രഭു കുടുംബങ്ങളുടെയോ ശവക്കല്ലറകളില്‍ നിന്നും ലഭിച്ചിട്ടുള്ള നിരവധി വസ്തുക്കള്‍ ഇതിന് തെളിവ് നല്‍കുന്നു. എന്നാല്‍ മരണാനന്തര ജീവിതത്തെ കുറിച്ചോ മരണ ശേഷം ജീവിതത്തിലേക്ക് തിരിച്ച് വരുന്നതിനെ കുറിച്ചോ മതപരമായ വിശ്വാസങ്ങളല്ലാതെ യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
യുറോപ്പിലും യുഎസിലുള്ള ചില ശവസംസ്കാര കേന്ദ്രങ്ങള്‍ അത്തരമൊരു സാധ്യത മുന്നില്‍ കണ്ട് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ചില പ്രത്യേക സൌകര്യങ്ങള്‍ വാഗ്ദനം ചെയ്യുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലായി ഓസ്ട്രേലിയയില്‍ നിന്നും ഒരു ക്രയോജനിക് കമ്പനി ഭാവിയില്‍, പുനരുജ്ജീവനം സാധ്യമാണെന്ന പ്രതീക്ഷയില്‍ ഒരു 80 കാരന്‍റെ മൃതദേഹം സംസ്കരിക്കാതെ ശീതീകരിച്ച് സൂക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ട്.