23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരൻ, നാട്ടിലെത്തിക്കാൻ സമയമെടുക്കും, കേന്ദ്രത്തിൻ്റെ സഹായം തേടി
Uncategorized

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരൻ, നാട്ടിലെത്തിക്കാൻ സമയമെടുക്കും, കേന്ദ്രത്തിൻ്റെ സഹായം തേടി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിനെ നാട്ടിലെത്തിക്കാൻ കേരള പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടി. ഇൻ്റര്‍പോളിന്റെ സഹായത്തോടെ രാഹുലിനെ നാട്ടിലെത്തിക്കുന്നതിനാണ് ഇത്. രാഹുൽ ജര്‍മ്മൻ പൗരത്വം നേടിയ ആളായതിനാൽ ഇയാളെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. അതേസമയം കേസിൽ അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷിനെതിരെ പ്രതിയെ നാട് കടക്കാൻ സഹായിച്ചതിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. രാഹുലിന്റെ അമ്മയ്ക്ക് എതിരെ ചുമത്തിയതും ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. സംഭവത്തിൽ രാഹുലിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് ഇവര്‍ ഇരുവരും അറിയിച്ചിട്ടുണ്ട്. താൻ അസുഖബാധിതയാണെന്നാണ് അമ്മ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

രാഹുലിനായി ദിവസങ്ങളോളം തിരച്ചിൽ നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതി രാജ്യം വിട്ടെന്ന കാര്യം ഒടുവിൽ സ്ഥിരീകരിച്ചത്. താൻ വിദേശത്ത് എത്തിയെന്ന് അറിയിച്ചുള്ള ഇയാളുടെ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പ്രതിയെ നാട് കടക്കാൻ സഹായിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

രാഹുലിന് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് ഇയാളാണെന്ന് പോലീസ് പറയുന്നു. പരാതിക്കാരിയെ രാഹുൽ മര്‍ദ്ദിച്ച രാത്രിയിൽ രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു. ജർമ്മനിയിൽ എത്തിയ ശേഷം രാഹുൽ രാജേഷുമായും സഹോദരിയുമായും വാട്സ്ആപ്പ് കോൾ വഴി സംസാരിച്ചിരുന്നു. ഇതിന്റെ തെളിവുകളും പൊലീസിന് കിട്ടി. തുടർന്നാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന്റെ സഹോദരിക്കും അമ്മയ്ക്കും പോലീസ് നോട്ടീസ് നൽകിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. യഥാസമയം പരാതി നൽകിയിട്ടും പ്രതി രാജ്യം വിടാൻ ഇടയായത് പോലീസിന്റെ പിടിപ്പുകേട് കൊണ്ടെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു.

Related posts

തിങ്കളാഴ്ചകളിൽ ചുളിവുകളുള്ള വസ്ത്രം ധരിക്കണം; ജീവനക്കാർക്ക് നിർദേശവുമായി സിഎസ്‌ഐആർ, കാരണമിതാണ്

ഭക്ഷണ അലർജി ; തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെ?

Aswathi Kottiyoor

അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ കേരള പോലീസ് ടീമിന് സ്വീകരണം നല്‍കി

Aswathi Kottiyoor
WordPress Image Lightbox