നാടകത്തിലൂടെ പുരോഗമന ആശയങ്ങള്‍ സമൂഹത്തില്‍ വേരുറപ്പിക്കുന്നതിന് പ്രയത്നിച്ച പ്രതിഭകളില്‍ പ്രധാനിയായിരുന്നു ഗോപികേട്ടേത്തെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. നാടകകൃത്തും നടനും സംവിധായകനും ഓട്ടന്‍തുള്ളല്‍ കലാകാരനുമായ ഗോപികേട്ടേത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം..പി.എം താജിന്റെ രാവുണ്ണി എന്ന നാടകം സംവിധാനം ചെയ്ത് നാടകപ്രേമികളുടെ പ്രശംസ ഏറ്റുവാങ്ങാന്‍ ഗോപികേട്ടേത്തിന് സാധിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് വേണ്ടിയും നാടകങ്ങള്‍ രചിച്ച അദ്ദേഹം സമൂഹത്തെ സര്‍ഗ്ഗാത്മകമായി പരിപോഷിപ്പിക്കുന്നതിന് നിരന്തരം പ്രയത്‌നിച്ചു. ‘ഒരാനയും കുറെ പാപ്പാന്മാരും’, ‘ചന്തീരാനും കൂട്ടരും’,’ സംഘഗാഥ’ തുടങ്ങിയ നാടകങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അഭിനേതാവായും നാടകങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കൂടിയായ അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉത്തരവാദിത്വബോധമുള്ള കലാകാരനെയാണ് നഷ്ടമായതെന്ന് അക്കാദമി സെക്രട്ടറി അനുസ്മരിച്ചു