22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • മകള്‍ ജീവനൊടുക്കി, വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതത്താല്‍ മരിച്ചു
Uncategorized

മകള്‍ ജീവനൊടുക്കി, വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതത്താല്‍ മരിച്ചു

കണ്ണൂര്‍: പുഴാതി പഞ്ചായത്തിലെ കൊറ്റാളിയില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാളി ‘സുവിശ്വം’ വീട്ടില്‍ സുനന്ദ വി.ഷേണായ് (78), മകള്‍ വി.ദീപ (44) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ 9.30-ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.

വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച വൈകിട്ട് ദീപ ആത്മഹത്യചെയ്തെന്നും മകള്‍ മരിച്ചതറിഞ്ഞ് ഹൃദയാഘാതത്താലാണ് സുനന്ദയുടെ മരണമെന്നുമാണ് പോലീസിന്റെ നിഗമനം. ബാഹ്യ ഇടപെടലുകളുണ്ടായിട്ടില്ലെന്നാണ് പോലീസ് പരിശോധനയ്ക്കുശേഷം പറഞ്ഞത്.

സുനന്ദയുടെ മൃതദേഹം അടുക്കളയിലും ദീപയുടേത് ഡൈനിങ് ഹാളിലുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് ഇരുവരെയും നാട്ടുകാര്‍ അവസാനമായി കണ്ടത്. വോട്ട് ചെയ്യാനായി ഇരുവരും ഒരുമിച്ച് ഓട്ടോയിലാണ് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. അന്നേദിവസം വൈകിട്ട് മൂന്നുവരെ ഇവരെ വീടിനുപുറത്ത് കണ്ടവരുണ്ട്. വീട്ടില്‍നിന്ന് അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ തൊട്ടടുത്ത വീട്ടിലുള്ളവര്‍ തിങ്കളാഴ്ച രാവിലെ പോയി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.

വീടിന്റെ മുന്‍വാതിലിന്റെ കുറ്റിയിട്ടിട്ടില്ലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മൂന്നുദിവസത്തെ പത്രങ്ങള്‍ മുന്‍വാതില്‍പ്പടിയിലുണ്ടായിരുന്നു. വീട്ടിനുള്ളില്‍ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

20 വര്‍ഷം മുന്‍പ് സുനന്ദയുടെ ഭര്‍ത്താവ് വിശ്വനാഥ് ഷേണായി കനറാ ബാങ്കില്‍നിന്ന് വിരമിച്ചശേഷമാണ് കൊറ്റാളിയിലെ വീട് വിലയ്ക്കെടുത്തത്. വിശ്വനാഥന്റെ മരണശേഷം 10 വര്‍ഷത്തോളമായി സുനന്ദയും മകള്‍ ദീപയും മാത്രമായാണ് ഇവിടെ താമസം. അയല്‍വാസികളുമായി ഇരുവര്‍ക്കും കൂടുതല്‍ അടുപ്പമുണ്ടായിരുന്നില്ല. ദീപ അവിവാഹിതയാണ്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് കമ്മിഷണര്‍ അജിത്ത്കുമാര്‍ പറഞ്ഞു. സുനന്ദയുടെ മറ്റുമക്കള്‍: അര്‍ച്ചന (കക്കാട്), അമിത (എറണാകുളം).

Related posts

കോവിഡ് കാലത്ത് സാമൂഹിക അടുക്കള വഴി എല്ലാവരേയും ഊട്ടിയ കുടുംബശ്രീയെ പ്രശംസിച്ച് ഗവർണർ

Aswathi Kottiyoor

വിവാദങ്ങൾക്കിടെ ‘ദി കേരള സ്റ്റോറി’ റിലീസ് ഇന്ന്; പ്രദർശനത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇൻസ്റ്റഗ്രാം വഴി മന്ത്രവാദം; ഗവേഷകവിദ്യാർഥിനിക്ക് നഷ്ടം ആറുലക്ഷം രൂപ

Aswathi Kottiyoor
WordPress Image Lightbox