• Home
  • Uncategorized
  • ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ, നടന്നുവരുന്ന ദൃശ്യം പൊലീസിന്
Uncategorized

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ, നടന്നുവരുന്ന ദൃശ്യം പൊലീസിന്

ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി മലയാളിയെന്ന് പൊലീസ്. കോയമ്പത്തൂരിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന രേഷ്മയെ(24) ആണ് കഴിഞ്ഞ 25-ാം തീതിയതി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങൾ യുവതിയെ തിരിച്ചറിഞ്ഞത്. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ രേഷ്മ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പം ആയിരുന്നു രേഷ്മ കഴിഞ്ഞിരുന്നത്. കഴിഞ്ഞമാസം രേഷ്മയുടെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ മാനസിക വിഷമത്തിൽ ആയിരുന്ന യുവതി 24ന് ആണ് വീട് വിട്ടിറങ്ങിയത്.

യുവതിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ ദുപ്പട്ട കെട്ടി കഴുത്തിൽ കുരുക്കിട്ട് നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. ഫോണോ, തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നില്ല. അതിനാൽ യുവതിയെ തിരിച്ചറിയാൻ ഏറെ വൈകി.

അതേസമയം സംഭവദിവസം പുലർച്ചെ 1.45ന് കയ്യിൽ വെള്ളക്കുപ്പിയുമായി രേഷ്മ റെയിൽവേ സ്റ്റേഷനിലെ അതീവ സുരക്ഷിതമേഖലയിലേക്ക് നടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോൾ യുവതിക്കൊപ്പമോ തൊട്ടുപിന്നാലെയോ ആരുമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. അതേസമയം സുരക്ഷിത മേഖലയിലേക്ക് രേഷ്മയ്ക്ക് എങ്ങനെ കടക്കാനായി എന്നതിൽ കൃത്യമായ വിശദീകരണം നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രേഷ്മയെക്കാള്‍ ഉയരക്കുറവുള്ള കട്ടില്‍ പിടിയില്‍ ദുപ്പട്ട കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നതും സംശയം ഉയർത്തുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍

Aswathi Kottiyoor

കേന്ദ്രം എൽപിജി വില 200 രൂപ കുറച്ചത് ‘ഇൻഡ്യ’ സഖ്യത്തിന്റെ സ്വാധീനം മൂലം; മമത ബാനർജി

Aswathi Kottiyoor

ഗോപികേട്ടേത്തിന്റെ നിര്യാണത്തില്‍ കേരള സംഗീത നാടക അക്കാദമി അനുശോചിച്ചു

Aswathi Kottiyoor
WordPress Image Lightbox