അയിത്താചാരത്തിനെതിരായി രാജ്യത്ത് നടന്ന ആദ്യത്തെ സത്യാഗ്രഹമാണ് വൈക്കം സത്യാഗ്രഹം. 1924-25 കാലഘട്ടത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള റോഡുകളിൽ അയിത്ത ജാതിക്കാർക്ക് നിലനിന്ന വിലക്കിനെതിരെയായിരുന്നു സമരം. ശ്രീ നാരായണഗുരുവും മഹാത്മാഗാന്ധിയും പെരിയാർ ഇ വി രാമസ്വാമി നായ്ക്കരും ബഹുജനങ്ങളും പങ്കാളികളായ സമരം.
ദേശാഭിമാനി പത്രാധിപരും എസ്എൻഡിപി നേതാവും കോൺഗ്രസ്സ് നേതാവുമായ ടി കെ മാധവൻറെ ഇടപെടലിൽ 1923 ൽ ആന്ധ്രയിലെ കാക്കിനടയിൽ നടന്ന കോൺഗ്രസിന്റെ ദേശീയസമ്മേളനത്തിൽ അയിത്തോച്ചാടനം കോൺഗ്രസിൻറെ നയപരിപാടിയായി മാറിയതോടെ വൈക്കത്ത് സമര കാഹളം മുഴങ്ങി. കെ കേളപ്പന്റെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചു. സവർണ യാഥാസ്ഥിതികർക്ക് ഒപ്പമായിരുന്നു തിരുവിതാംകൂർ രാജകീയ സർക്കാർ. നിരോധനാഞ്ജയും പൊലീസ് മർദനവുമായി സമരക്കാരെ തിരുവിതാംകൂർ ഭരണകൂടം നേരിട്ടു.