ജനുവരിയിലാണ് തുമ്പ സ്വദേശിയായ പ്രിയൻ എന്ന ഏജൻ്റുമുഖേന പ്രിൻസ്, ടിനു, വിനീത് എന്നവർ റഷ്യയിലേക്ക് പോയത്. സെക്യൂരിറ്റി ജോലിക്കായാണ് കൊണ്ടുപോയത്. ഏഴ് ലക്ഷം രൂപ വീതം ഓരോരുത്തരം നൽകി. റഷ്യയിലെത്തി രണ്ടാഴ്ച വിളിച്ചുവെന്ന് യുവാക്കളുടെ അമ്മമാർ പറയുന്നു. പിന്നീട് മക്കളെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ് പ്രിൻസ് വിളിച്ചു. അപ്പോഴാണ് ഉക്രെയിനെതിരെ യുദ്ധത്തിനായാണ് യുവാക്കളെ കൊണ്ടുപോയതെന്ന വിവരം അറിയുന്നത്.
യുദ്ധത്തിൽ പരിക്കേറ്റ പ്രിൻസിള്‍ മോസ്ക്കോയില്‍ ചികിത്സയിലാണ്. റഷ്യയിലുള്ള ഒരു മലയാളിയാണ് റിക്രൂട്ടിലെ പ്രധാന ഏജൻ്റെന്നും പ്രിൻസ് പറയുന്നു. റഷ്യയിലേക്കുള്ള അനധികൃത റിക്രൂട്ടുമെൻ കേസിൽ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. റിക്രൂട്ട്മെൻ്റ് സ്ഥാപനം നടത്തുന്ന മൂന്ന് പേർ ഉള്‍പ്പെടെ കേസിൽ പ്രതികളാണ്. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് മലയാളി യുവാക്കള്‍ കൂടി യുദ്ധഭൂമിയിൽ അകപ്പെട്ട വിവരം പുറത്തുവരുന്നത്.