പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്‍റെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ചുമതലയേറ്റ നാൾ മുതൽ ഭരണകക്ഷിയിൽപ്പെട്ട ആളുകൾ മനോജിനെ സമ്മർദ്ദത്തിലാക്കിയെന്നാണ് പരാതിയിലുള്ളത്. സമഗ്ര അന്വേഷണം എസ്പി ഉറപ്പുനൽകിയതായി സഹോദരൻ മധു പറഞ്ഞു.
പ്രാദേശിക സിപിഎം നേതാക്കളുടെ സമ്മർദ്ദം മനോജ് നേരിട്ടുവെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ ചിലയാളുകൾ മനോജിനെ സമ്മർദ്ദത്തിലാക്കി. ആത്മഹത്യക്ക് ഒരാഴ്ച മുമ്പ് പ്രാദേശിക നേതാക്കൾ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിലുണ്ട്.
മാർച്ച് 11നാണ് മനോജിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫീസർമാർ ജില്ലാ കലക്ടർക്ക് നേരിട്ട് പരാതി നൽകിയിരുന്നു. സംഭവത്തിൽ അടൂർ ആർടിഒയോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. എസ്പിക്ക് പുറമെ മുഖ്യമന്ത്രിക്കും കേന്ദ്ര പട്ടികജാതി കമ്മീഷനും കുടുംബം ഉടൻ പരാതി നൽകും.