1995 ൽ പോളിയോമെലിറ്റസ് വൈറസിനെതിരെ ആയിരുന്നു രാജ്യത്തിന്റെ പോരാട്ടം. പ്രതിവർഷം അരലക്ഷത്തോളം കുട്ടികളെ ബാധിച്ച പോളിയോയ്‌ക്കെതിരെ 1995 മാർച്ച് 16ന് വാക്‌സിനേഷൻ ആരംഭിച്ചു. പിന്നീട് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാൻ എല്ലാ വർഷവും ആ ദിനം ദേശീയ വാക്‌സിനേഷൻ ദിനമായി ആചരിക്കാൻ തുടങ്ങി.
പകർച്ചവ്യാധികൾക്കും മാരക രോഗങ്ങൾക്കും എതിരെ എല്ലാവരും കൃത്യമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരും സർക്കാരിതര സംഘടനകളും വാക്സിനേഷൻ ഡ്രൈവുകൾ നടത്തുന്നു. കുട്ടികൾക്കും മുതിർന്നവർക്കും വാക്സിനേഷൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
മാരകമായ രോഗങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ വാക്സിനേഷൻ എടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു. രോഗം പടരാതിരിക്കാൻ സമയബന്ധിതവും പൂർണ്ണവുമായ പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്.