24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വേനല്‍മഴ: ‘ആ കൊതുകില്‍ നിന്ന് ഡെങ്കിപ്പനി പകരാന്‍ സാധ്യതയേറെ’, മുന്നറിയിപ്പ്
Uncategorized

വേനല്‍മഴ: ‘ആ കൊതുകില്‍ നിന്ന് ഡെങ്കിപ്പനി പകരാന്‍ സാധ്യതയേറെ’, മുന്നറിയിപ്പ്

കോട്ടയം: കോട്ടയം ജില്ലയില്‍ വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍ വിദ്യാധരന്‍. വീട്ടിലും പരിസരത്തും ചെറുപാത്രങ്ങളിലും മരപ്പൊത്തുകളിലും കെട്ടിനില്‍ക്കുന്ന മഴ വെള്ളം അടിയന്തരമായി നീക്കം ചെയ്യണം. ചെറുപാത്രങ്ങളില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. ഏഴു മുതല്‍ 10 ദിവസത്തിനുള്ളില്‍ മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള മുട്ടയാണ് വിരിയുന്നതെങ്കില്‍ ആ കൊതുകില്‍ നിന്ന് ഡെങ്കിപ്പനി പകരാന്‍ സാധ്യതയേറെയാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വീടിന് ചുറ്റും മഴവെള്ളം കെട്ടിനില്‍ക്കുന്ന ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍ തുടങ്ങിയവയില്‍ നിന്നും വീട്ടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പുറകിലെ ട്രേ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അടിയന്തരമായി നീക്കം ചെയ്യാന്‍ വീട്ടിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകളിലും പാത്രങ്ങളിലും കൊതുകുകടക്കാതെ അടച്ചു സൂക്ഷിക്കണം. ഇവ കൊതുകുവല ഉപയോഗിച്ച് മൂടിയിടുന്നത് ഉത്തമമാണ്. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും ശുചിയാക്കാനും ശ്രദ്ധിക്കണമെന്ന് വിദ്യാധരന്‍ ആവശ്യപ്പെട്ടു.

കടുത്ത വേനലും വരള്‍ച്ചയും മൂലം ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ടാങ്കറുകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടരാനിടയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതിനാല്‍ കുടിവെള്ള സ്രോതസുകള്‍ ആഴ്ചയിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്യുകയോ, കുടിവെള്ളം ക്ലോറിന്‍ ഗുളിക ഉപയോഗിച്ച് ശുദ്ധീകരിക്കുകയോ ചെയ്യണം. ക്ലോറിനേറ്റ് ചെയ്ത വെള്ളമായാലും തിളപ്പിച്ചാറ്റി മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. വഴിയോരങ്ങളില്‍ തുറന്ന് വച്ച് വില്‍ക്കുന്ന ഭക്ഷണ പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ജ്യൂസ്, സര്‍ബത്ത് എന്നിവ വില്‍ക്കുന്നവര്‍ ശുചിത്വം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുണ്ടാക്കിയതാണെന്നു ഉറപ്പാക്കണം. ശുദ്ധജലം ഉപയോഗിച്ചേ ഇത്തരം പാനീയങ്ങള്‍ ഉണ്ടാക്കാവൂ. പാനീയങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന മിക്സി, ജ്യൂസറുകള്‍, പാത്രങ്ങള്‍ എന്നിവ ഓരോ പ്രാവശ്യവും ശുചിയാക്കണം. ഇത്തരം കടകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related posts

മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച 2 മണിക്കൂർ ഇടവേള റദ്ദാക്കി അസം നിയമസഭ

Aswathi Kottiyoor

ആറളം ഫാമിൽ വീടിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം

പുൽപ്പള്ളി സംഘർഷം; രണ്ടുപേർ അറസ്റ്റിൽ, കൂടുതൽ അറസ്റ്റുണ്ടായേക്കും

Aswathi Kottiyoor
WordPress Image Lightbox