26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സ്ത്രീകള്‍ക്ക് മാത്രമായി ഒരു കളിക്കളം, സംസ്ഥാനത്ത് ആദ്യം; ഒരുക്കിയത് വിനയയും സംഘവും
Uncategorized

സ്ത്രീകള്‍ക്ക് മാത്രമായി ഒരു കളിക്കളം, സംസ്ഥാനത്ത് ആദ്യം; ഒരുക്കിയത് വിനയയും സംഘവും

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി കളിക്കളമൊരുക്കിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകയായ വിനയയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ. പൊലീസിലെ സ്ത്രീ വിവേചനത്തിനെതിരെ പൊരുതി വാര്‍ത്തകളിടം പിടിച്ച വിനയ വയനാട്ടില്‍ തന്റെ സ്വന്തം സ്ഥലമാണ് പെണ്‍ കളിക്കളത്തിനായി വിനിയോഗിച്ചിരിക്കുന്നത്. വനിത ദിനത്തില്‍ മൈതാനം മാടക്കര ഗ്രാമത്തിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വിട്ടുനല്‍കുമെന്ന് വിനയ അറിയിച്ചു.

കായിക വിനോദങ്ങളും പൊതു കളിസ്ഥലങ്ങളും ആണിന്റേത് മാത്രമെന്ന ചിന്തകള്‍ക്ക് ഇനിയും മാറ്റം വന്നിട്ടില്ലെന്ന ബോധ്യത്തില്‍ നിന്നാണ് പെണ്‍ക്കളിക്കളം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് വിനയ പറയുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏത് സമയത്തും കായിക പരിശീലനത്തിലും കളികളിലും ഏര്‍പ്പെടാന്‍ കഴിയുന്ന തരത്തില്‍ വെളിച്ച സംവിധാനങ്ങള്‍ അടക്കം ഒരുക്കിയാണ് മൈതാനം തുറന്നു നല്‍കുന്നത്. നെന്മേനി പഞ്ചായത്തിലെ മാടക്കരയില്‍ വിനയയുടെ വീടിനോട് ചേര്‍ന്ന് തന്നെയാണ് മൈതാനം സജ്ജമാക്കിയിരിക്കുന്നത്. സ്വന്തം പേരിലുള്ള 32 സെന്റ് സ്ഥലമാണ് മൈതാനമാക്കി മാറ്റിയത്. നാട്ടിലുളള കളിക്കളങ്ങളിലെല്ലാം പുരുഷാധിപത്യം നിലനില്‍ക്കുന്നതില്‍ സ്ത്രീകള്‍ക്ക് മാത്രമായി കളിക്കളം എന്ന വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്റെ ചിന്തയാണ് യാഥാര്‍ഥ്യത്തിലേക്ക് എത്തിയിരിക്കുന്നതെന്ന് വിനയ പറഞ്ഞു.

വനിത ദിന പരിപാടികളുടെ ഭാഗമായി ഒമ്പതിനായിരിക്കും ഔപചാരിക ഉദ്ഘാടനം നടക്കുക. ഗോകുലം കേരള എഫ്.സി വനിത ടീം കോച്ച് എസ്.പ്രിയയാണ് ഉദ്ഘാടക. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരിക്കും. പരിപാടിയോട് അനുബന്ധിച്ച് എട്ടാം തീയതി മാടക്കരയില്‍ നിന്ന് കോളിയാടി വരെ വിളംബര ജാഥ സംഘടിപ്പിച്ചിട്ടുണ്ട്. വിനയാസ് ഫ്രീഡം ഫൗണ്ടേഷന് കീഴില്‍ സൈക്ലിങ് പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ ജാഥയില്‍ അണിനിരക്കും. പ്രായമായവര്‍ അടക്കം മുപ്പതിലധികം പേര്‍ ഇതിനകം തന്നെ പരിശീലനത്തിനായി പെണ്‍കളിക്കളത്തില്‍ എത്തുന്നുണ്ട്. പ്രധാനമായും ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ശാസ്ത്രീയ പരിശീലനം ഒരുക്കുക. 32 സെന്റ് സ്ഥലമാണ് ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്നതെങ്കിലും ഭാവിയില്‍ കൂടുതല്‍ ഭൂമി പദ്ധതിക്കായി വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിനയ പറഞ്ഞു. ഭര്‍ത്താവ് മോഹന്‍ദാസ് സ്പോര്‍ട്സ് കണ്‍സള്‍ട്ടന്റ് സരിന്‍ വര്‍ഗീസ്, ട്രസ്റ്റ് കണ്‍വീനര്‍ പി.കെ യാക്കൂബ്, സി.ഡി.എസ് അംഗം ഷീബ മുരളീധരന്‍, കൊച്ചുത്രേസ്യ എന്നിവരും ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കി വരുന്നു.

Related posts

ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യ: മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് പ്രമേയം

Aswathi Kottiyoor

പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണണം, ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ഇന്ത്യ സഖ്യം

Aswathi Kottiyoor

അമിത വേ​ഗത്തിലെത്തിയ കാർ ഓട്ടോക്ക് പിന്നിലിടിച്ചു, പിന്നാലെ കൂട്ടയിടി, ആറോളം വാഹനങ്ങൾക്ക് കേടുപാട്

Aswathi Kottiyoor
WordPress Image Lightbox