സാംസ്കാരിക കേരളത്തെ വരിയുടയ്ക്കാൻ കൊണ്ടുപോകുന്ന ഒരു കാളയോട് ഉപമിച്ചിരിക്കുകയാണ് റഫീക്ക് അഹമ്മദ്. കാളയെ വരിയുടയ്ക്കാൻ വന്ന വെറ്ററിനറി ഡോക്ടറോട് അടുത്ത് നിൽക്കുന്ന ഒരാൾ പറയുന്ന ഡയലോഗാണ് ഇതിലെ രൂക്ഷ വിമർശനം. അതിങ്ങനെയാണ്; ആവശ്യമില്ല ഡോക്ടറേ… അതിന്റെ പ്രതികരണ ശേഷി പണ്ടേ നഷ്ടപ്പെട്ടതാണ്. ഇതിലും രൂക്ഷമായി എസ്എഫ്ഐയെയോ ഇടത് സർക്കാരിനെയോ അവരെപ്പറ്റി ഒരക്ഷരം മിണ്ടാത്ത സാംസ്കാരിക നേതാക്കളെയോ വിമർശിക്കാനാവില്ലെന്ന് പറയുകയാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം കമന്റുകളും.
സിദ്ധാർത്ഥന്റെ മരണമുണ്ടാവുകയും എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെ പ്രതികളാവുകയും ചെയ്തിട്ട് എത്രയോ ദിനങ്ങൾ പിന്നിടുന്നു. ഇതുവരെ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെപ്പറ്റി ഒരക്ഷരം വാ തുറന്നിട്ടില്ല. മരിച്ച സിദ്ധാർത്ഥന്റെ മാതാപിതാക്കളെ കാണാനോ ആശ്വസിപ്പിക്കാനോ തയ്യാറായിട്ടില്ല എന്നത് പോട്ടെ, അത് അദ്ദേഹത്തിന്റെ ഇഷ്ടം, രണ്ട് വരി വാർത്താക്കുറിപ്പ് പോലും പുറത്തിറക്കാൻ മെനക്കെട്ടിട്ടില്ല കേരളത്തിന്റെ മുഖ്യൻ പിണറായി.
രാഷ്ട്രീയ നേതാക്കളുടേത് ഉൾപ്പടെ നിരവധി കമന്റുകളാണ് റഫീക്ക് അഹമ്മദിന്റെ കാർട്ടൂണിന് താഴെ വരുന്നത്. ആർജ്ജവമുള്ള ഈ നിലപാടിന്,
കേരളം പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന പലരും യജമാനപ്രീതിക്ക് വേണ്ടി മൗനം പാലിക്കുന്നതിന്റെ നിരാശക്കിടയിലും ഇങ്ങനെ ധീരമായി തുറന്നു പറയുന്നതിന്, പ്രിയപ്പെട്ട റഫീഖ് അഹമ്മദിന് നന്ദി എന്നാണ് മുൻ എംഎൽഎ വിടി ബൽറാം കമന്റിട്ടത്. സർക്കാർ അംഗീകാരത്തിനായി തല ചളിയുടെ മൗനത്തിൽ പൂഴ്ത്തി വെക്കാത്ത മനസ്സിന്നുടമ എന്നാണ് ഹുസൈൻ തട്ടത്താഴത്ത് കുറിച്ചത്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കക്ഷി രാഷ്ട്രീയം മാറ്റിനിർത്തി പ്രതികരിക്കാൻ നമുക്ക് കഴിയണം എന്ന് ഓർമപ്പെടുത്തുന്നു എഎം നസീം. അതില്ലാതെ പോകുന്നു എന്നതാണ് മലയാളിയുടെ പ്രശ്നവും. ഇപ്പോൾതന്നെ ഇതിൽവന്ന കമന്റുകൾ വായിച്ച് നോക്കൂ, അപ്പോൾ അറിയാം നമ്മുടെ ബോധ്യങ്ങൾ. നമുക്ക് എല്ലാം രാഷ്ട്രീയ ഉപകരണമാക്കുക എന്ന ഒറ്റ അറിവേ ഉള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നത്.
ഒരാൾക്കെങ്കിലും ഒരു മാപ്പ് പറയാനെങ്കിലും കഴിഞ്ഞല്ലോ, മറ്റു നായകന്മാർ ഉറക്കത്തിലാണ് എന്ന് തീർത്ത് വിമർശിക്കുന്നു അബ്ബാസ്. ഈ വര ഇക്കാലത്തെ അടയാളപ്പെടുത്തുന്നത് എന്ന് പറയുന്നു മാധവൻ. പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ്.. എന്നെഴുതിയ കലാകാരന്റെ ഈ നിലപാടിന് ഒരു പ്രത്യേകതയുണ്ട്. ഇയാളെ അടിമകളുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല എന്ന് അഭിപ്രായപ്പെടുന്നു ജിജോ വി തോമസ്.
പല സുഹൃത്തുക്കളുടെയും പ്രൊഫൈലിൽ പരതി ഒരു വാക്കെങ്കിലും സിദ്ധാർത്ഥനായി പുറത്തു വരുന്നുണ്ടോ എന്ന്. അവരാരും ഈ വാർത്ത അറിഞ്ഞു കാണില്ല. ചില പ്രത്യേക വാർത്തകളിൽ മാത്രമേ അവർക്ക് പ്രതികരണശേഷിയുള്ളു എന്ന് പറയുന്നു ശ്രുതി ഭവാനി.
ജോയ് ജോർജിന്റെ കമന്റ് ഒരു നാലുവരി കവിതയാണ്. അതിങ്ങനെയാണ്.
“മിനുത്ത തോലുള്ള കൊഴുത്ത കാള ഞാൻ
പണ്ട് പലപ്പോഴായി ഞാൻ അമറുന്ന കേട്ട്
കോൾമയിർ കൊണ്ടൊരേ,
ഇടയ്ക്ക് അതൊന്നോർത്ത് അയവിറക്കാറുണ്ട്.
വരി ഉടഞ്ഞവനെങ്കിലും
മുഴുത്ത കാള ഞാൻ”
സിദ്ധാർത്ഥാ മാപ്പ്…..
ഭരിക്കുന്ന പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങളിൽ അപൂർവമായെങ്കിലും പ്രതികരിക്കുന്ന സാംസ്കാരിക നായകർ, പാർട്ടിയെ ഭയന്ന് അധികം വൈകാതെ നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്ന പുത്തൻ, അത്യുഗ്രൻ പ്രവണതയാണ് ഇപ്പോഴത്തെ ട്രെന്റ്. അതിനൊരപമാനമാണ് റഫീക്ക് അഹമ്മദ്. ഇനിയുമിനിയും ഉയരണം ഇതുപോലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങൾ. സാംസ്കാരിക നായകൻ എന്ന് അവകാശപ്പെടുന്നവർക്ക് ചെറുതായെങ്കിലും ഒരുളിപ്പ് തോന്നട്ടേ…..