നഗ്നമായ കൈകൾ കൊണ്ട് ടോയ്‍ലെറ്റ് വൃത്തിയാക്കുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപകമായ രോഷത്തിന് ഇടയാക്കുകയും ചെയ്തു. കോലാർ, ആന്ദ്രഹള്ളി, ശിവമൊഗ എന്നിവിടങ്ങളിലാണ് അധ്യാപകർ വിദ്യാർത്ഥികളെ കൊണ്ട് ടോയ്‍ലെറ്റും സെപ്‍ടിക് ടാങ്കുകളും വൃത്തിയാക്കിപ്പിച്ചത്.
ഏറ്റവും ഒടുവിലത്തെ സംഭവം പുറത്ത് വന്നത് കഴിഞ്ഞാഴ്ചയാണ്. വീഡിയോയിൽ, കൊമരനഹള്ളി ഗ്രാമപഞ്ചായത്തിലെ ഗുഡ്ഡാഡ നെരലകെരെ ഗ്രാമത്തിലെ വിദ്യാർത്ഥികൾ ടോയ്‌ലെറ്റുകൾ വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. അധ്യാപകരും പ്രധാനാധ്യാപകനും കുട്ടികളോട് ശുചിമുറികൾ വൃത്തിയാക്കാൻ ആവശ്യപ്പെട്ടുവെന്ന് ജില്ലാ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പറയുന്നു.
ബംഗളൂരുവിലുമുണ്ടായി സമാനമായ സംഭവം. ആന്ദ്രഹള്ളിയിലെ ഗവ. മോഡൽ ഹയർ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളെ സ്‌കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കാൻ നിർബന്ധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇവിടെ നിന്നും പുറത്തുവന്നത്. ആസിഡ് കുപ്പികളും കയ്യിൽ പിടിച്ച് വിദ്യാർത്ഥികൾ ശുചിമുറികൾ വൃത്തിയാക്കുന്നതായിരുന്നു ദൃശ്യങ്ങൾ.
സംഭവമറിഞ്ഞ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ സ്കൂൾ അധികൃതർക്ക് നേരെ പ്രതിഷേധിച്ചു. ”ഞങ്ങളുടെ മക്കളെ കൊണ്ട് അധ്യാപകർ ടോയ്‍ലെറ്റ് വൃത്തിയാക്കിച്ച സംഭവം ഞങ്ങളറിയുന്നത് വീഡിയോകൾ പുറത്ത് വന്നതിന് ശേഷം മാത്രമാണ്. ഞങ്ങൾ മക്കളെ സ്കൂളിലയക്കുന്നത് പഠിക്കാനാണ് അല്ലാതെ ടോയ്‍ലെറ്റ് വൃത്തിയാക്കാനല്ല. പ്രധാനാധ്യപകരും സ്കൂൾ അധികൃതരും അവരുടെ മക്കളെക്കൊണ്ടും ഇങ്ങനെ ചെയ്യിപ്പിക്കുമോ? ഞങ്ങളുടെ കുഞ്ഞുങ്ങൾ നഗ്നമായ കൈകളും ആസിഡും ഉപയോഗിച്ച് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു” എന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിഷേധത്തെത്തുടർന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറും (ബി.ഇ.ഒ.) പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ പ്രധാനാധ്യാപിക വിദ്യാർത്ഥികളെ നിർബന്ധിച്ചുവെന്നും കണ്ടെത്തി. പൊലീസ് പറയുന്നതനുസരിച്ച്, ആന്ദ്രഹള്ളിയിലെ ഗവ. മോഡൽ ഹയർ പ്രൈമറി സ്‌കൂൾ ഹെഡ്മിസ്ട്രസായ ലക്ഷ്മിദേവമ്മയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കോലാർ ജില്ലയിലും സമാനമായ സംഭവം നടന്നു. ഡിസംബർ 17 -ന് നടന്ന സംഭവമാണ് വൈറലായത്. മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിൽ ഏഴ് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ കൊണ്ടാണ് ശുചിമുറി വൃത്തിയാക്കിച്ചത്.
സ്‌കൂൾ ടോയ്‌ലെറ്റുകൾ വൃത്തിയാക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുക എന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഇത്തരം പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്നുമായിരുന്നു സംഭവങ്ങളോട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.