കാൻസർ രോഗിയായ പുഷ്പയുടെ ആകെയുണ്ടായിരുന്ന വീട് 2018 ലെ പ്രളയത്തിൽ തകർന്നുപോയി. റീബിൽഡിന്‍റെ ഭാഗമായി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് അയിരൂരിൽ നിർമ്മിക്കുന്ന വീടുകളിലൊന്ന് പുഷ്പയ്ക്ക് നൽകുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ ഉറപ്പ്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഇറിഗേഷൻ വക ഭൂമിയിലാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് വീടുകൾ നിർമിച്ചത്. 2021 ൽ വീടുകൾ നിർമ്മാണം പൂർത്തിയാക്കി സർക്കാരിന് കൈമാറി. പക്ഷേ ഇറിഗേഷന്‍റെ പക്കലുള്ള ഭൂമി റവന്യൂ വകുപ്പിലേക്ക് ഇനിയും കൈമാറിയിട്ടില്ല.പട്ടയരേഖയില്ലാതെ ഗുണഭോക്താക്കൾക്ക് വീട് കൈമാറിയാൽ വൈദ്യുതി, വാട്ടർ കണക്ഷൻ തുടങ്ങി ഒന്നും കിട്ടില്ല. വകുപ്പുകൾ തമ്മിലുള്ള ഈ തർക്കങ്ങളിൽ കുടുങ്ങി ഈ വീടുകൾ ഇങ്ങനെ കാടുമൂടിനശിക്കുകയാണ്. ലൈഫ് പദ്ധതിയിൽ പാതിവഴിയിൽ മുടങ്ങിയ വീടുകൾ പൂർത്തിയാക്കാൻ സാമ്പത്തിക പ്രതിസന്ധിയാണ് പല തദ്ദേശസ്ഥാപനങ്ങളും പറയുന്നത്. എന്നാൽ ഇവിടെ, പൂർത്തിയായ വീടുകൾ കൈമാറിക്കിട്ടാനും നെട്ടോട്ടത്തിലാണ് ആളുകൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈഫ് പദ്ധതിയിലെ വീട് നിര്‍മ്മാണം നിലച്ച നിലയിലാണുള്ളത്. ഇടുക്കി കട്ടപ്പനക്കടുത്ത് വെള്ളയാംകുടിയിൽ മൂന്ന് വർഷം മുമ്പ് നിർമ്മാണം തുടങ്ങിയ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണം ഇഴഞ്ഞ് നീങ്ങുകയാണ്.