ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. നിരന്തരം പീഡനത്തിനിരയായ പെൺകുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീട്ടിൽ അമ്മയില്ലാത്ത സമയത്ത് സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയാണ് രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ രണ്ടാനച്ഛൻ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പ്രതികളെ ചിറ്റാരിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം, തൃശ്ശൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികള്‍ക്ക് കോടതി 27 വർഷം തടവ് ശിക്ഷ വിധിച്ചു. തൃശ്ശൂർ അതിവേഗ പ്രത്യേക പോക്സോ കോടതിയുടേതാണ് ഉത്തരവ്. പെൺകുട്ടിയെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച യുവാവിനും കൂട്ടുനിന്ന ഭാര്യാ മാതാവിനുമാണ് കോടതി 27 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ (32), മാന്ദാമംഗലം മൂഴിമലയിൽ ഷർമിള (48) എന്നിവരാണ് പോക്സോ കേസിൽ ജയിലിലായത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതികള്‍ മൂന്നുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. മണ്ണുത്തി പൊലീസ്സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.