24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *കേരളീയ കലകളുടെ സമ്മേളനവുമായി കേരളീയം*
Uncategorized

*കേരളീയ കലകളുടെ സമ്മേളനവുമായി കേരളീയം*

പ്രമുഖകലാകാരന്മാർ പങ്കെടുക്കുന്ന പരിപാടികൾക്കുപുറമേ കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി കലാകാരന്മാരുടെ പരിപാടികൾ അവതരിപ്പിച്ച് കേരളീയത്തിന്റെ കലാവിരുന്ന്. ഏഴുദിവസം നീണ്ടു നിൽക്കുന്ന ‘കേരളീയം സാംസ്‌കാരികോത്സവ’ത്തിൽ മുന്നൂറോളം കലാപരിപാടികളിലായി നാലായിരത്തി ഒരുന്നൂറോളം കലാകാരന്മാർ വേദിയിലെത്തും.
എൻഡോസൾഫാൻ ദുരിതമേഖലയിലെ കുട്ടികൾ ഉൾപ്പടെയുള്ള ഭിന്നശേഷിക്കാരുടെ വ്യത്യസ്തമാർന്ന കലാപരിപാടികൾ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമാകും. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പ്രാതിനിധ്യവും കലാപരിപാടികളിൽ ഉണ്ടാകും.

നാലു പ്രധാന വേദികൾക്കു പുറമേ രണ്ടു നാടക വേദികൾ,12 ചെറു വേദികൾ,11 തെരുവു വേദികൾ,സാൽവേഷൻ ആർമി ഗ്രൗണ്ട് എന്നിങ്ങനെ 30 വേദികൾ കേരളീയത്തിനോടനുബന്ധിച്ചുള്ള കലാവിരുന്നുകളാൽ പൂത്തുലയും.സെൻട്രൽ സ്റ്റേഡിയം,നിശാഗന്ധി ഓഡിറ്റോറിയം,ടാഗോർ തിയേറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് നാലു പ്രധാന വേദികൾ.
വിവേകാനന്ദ പാർക്ക്,കെൽട്രോൺ കോമ്പൗണ്ട്,ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം,ഭാരത് ഭവന്റെ ശെമ്മാങ്കുടി എ സി ഹാൾ,വിമൻസ് കോളജ് ഓഡിറ്റോറിയം, ബാലഭവൻ,പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം,സൂര്യകാന്തി,മ്യൂസിയം റേഡിയോ പാർക്ക്,യൂണിവേഴ്‌സിറ്റി കോളേജ് പരിസരം, എസ് എം വി സ്‌കൂൾ,ഗാന്ധി പാർക്ക് തുടങ്ങിയ ചെറു വേദികളും വിവിധ കലാപ്രകടനങ്ങളാൽ സമ്പന്നമാകും.

കഥകളി, ഓട്ടൻ തുള്ളൽ, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കേരളനടനം, യോഗനൃത്തം, മോഹിനിയാട്ടം, ഒപ്പന, കഥാപ്രസംഗം, ഗദ്ദിക, മാപ്പിള കലകൾ, മംഗലംകളി, കുടിച്ചോഴി കളി, മാർഗം കളി, പാക്കനാർ തുള്ളൽ, സീതകളി, മുടിയേറ്റ്,പടയണി,ചവിട്ടുനാടകം, കവിയരങ്ങ്, കഥയരങ്ങ്,വഞ്ചിപ്പാട്ട്, വിൽപ്പാട്ട്,പടപ്പാട്ട്, കടൽപ്പാട്ട്,വിവിധ തരത്തിലുളള വാദ്യമേളങ്ങൾ എന്നിവ ഈ വേദികളിൽ അരങ്ങേറുമ്പോൾ മലയാള തനിമയാർന്ന പഴയ കാല കലാരൂപങ്ങൾ നേരിട്ടാസ്വദിയ്ക്കുന്നതിനുള്ള അവസരമാണ് അനന്തപുരിയിലെ പുതുതലമുറയ്ക്കു കൈവരുന്നത്.. എസ്.എം.വി സ്‌കൂളിലെ ആൽച്ചുവീട്ടിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന കളമെഴുത്തും പുള്ളുവൻ പാട്ടും അരങ്ങേറും.സെനറ്റ് ഹാളിൽ പ്രൊഫഷണൽ-അമച്വർ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ നാടകാവതരണവും ഉണ്ടാവും.

ചെറിയ വേദികൾ കൂടാതെ പത്തോളം തെരുവു വേദികളും ഇതോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്. തെയ്യവും വിവിധ തെയ്യാട്ടങ്ങളും,മലപ്പുലയാട്ടം,സ്ട്രീറ്റ് സർക്കസ്,സ്ട്രീറ്റ് മാജിക്,തെരുവു നാടകം,പൊയ്ക്കാൽ രൂപങ്ങൾ,പൂപ്പടയാട്ടം,വിളക്കുകെട്ട്,ചാറ്റുപാട്ട്,തുകൽ വാദ്യ സമന്വയം,മയൂരനൃത്തം,വനിത ശിങ്കിരിമേളം,പപ്പറ്റ് ഷോ,തിരിയുഴിച്ചിൽ എന്നിവയെല്ലാം തെരുവു വേദിയിൽ അരങ്ങേറും.ഭാരത് ഭവനിലെ എ സി ഹാളിൽ പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്തും പ്രദർശനവും അരങ്ങേറും.

ടാഗോർ ഓപ്പൺ ഓഡിറ്റോറിയം വേദി ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ കലാപ്രകടനങ്ങൾക്കായി മാത്രം നീക്കിവെച്ചിരിക്കുന്നു. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏഴു ദിവസവും മറ്റു വേദികളിൽ നവംബർ ഒന്നു മുതൽ ആറു വരെയും ആയിരിക്കും കലാപരിപാടികൾ നടക്കുക.

Related posts

നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി, വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ തന്നെ; ഡിവൈഎഫ്ഐ നേതാവിനെ നാടുകടത്തി

Aswathi Kottiyoor

ഇന്ത്യൻ ഹൈവേകൾ അമേരിക്കയ്ക്ക് തുല്യമാകുന്നു; ഗഡ്‍കരിയുടെ വാക്കുകളിൽ കേരളത്തിലെ റോഡുകളും!

Aswathi Kottiyoor

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

WordPress Image Lightbox