21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
Kerala

അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം പ്രവർത്തങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എൻ എച്ച് 66ൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ജില്ലയിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾ തുറവൂരിൽ നിന്ന് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി, ബിഒടി പാലം വഴി കുണ്ടന്നൂരിൽ എത്തിച്ചേരുന്ന രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

അങ്കമാലി ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും തിരിച്ചുമുള്ള കാർഗാഡി പോലുള്ള കണ്ടെയ്നറൈസ്ഡ് വാഹനങ്ങൾക്ക് എംസി റോഡിലൂടെ മാത്രമെ പോകാൻ അനുമതിയുള്ളൂ. ഇത്തരം വാഹനങ്ങൾക്ക് ഗതാഗതം തിരിച്ചു വിടുന്ന വഴിയിലൂടെയും, ദേശീയപാതയിലൂടെയും സഞ്ചരിക്കാൻ അനുമതിയില്ല.

വാഹനങ്ങൾ തിരിച്ചു വിടുന്ന വഴികളിൽ ഇരുവശവുമുള്ള ഇലക്ട്രിക് കേബിളുകൾ ഉയർത്തുന്നതിനും ഇലക്ട്രിക് പോസ്റ്റുകൾ നീക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോഡിന് ഇരുവശമുള്ള മരങ്ങളുടെ ചില്ലകൾ വെട്ടി ഒതുക്കാൻ പൊതുമരാമത്ത് വകുപ്പിനും കെഎസ്ഇബിക്കും നിർദ്ദേശം നൽകി. ബിഎസ്എൻഎൽ കേബിളുകളും പോസ്റ്റുകളും സ്വകാര്യ കേബിളുകളും മാറ്റുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി. ഈ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ നാഷണൽ ഹൈവേ ഏജൻസിക്ക് കളക്ടർ നിർദ്ദേശം നൽകി.

കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്ന നിലയിലാണെന്ന് ജനപ്രതിനിധികൾ ചൂണ്ടി കാട്ടിയതിനെ തുടർന്ന് ഇത് പരിഹരിക്കാൻ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ ചുമതലപ്പെടുത്തി. ബിഒടി പാലം, യുപി പാലം എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും കളക്ടർ നിർദ്ദേശം നൽകി.

സൂചന ബോർഡുകൾ കൃത്യമായി സ്ഥാപിക്കണം. സ്കൂളുകളുടെയും പ്രധാന ഇടങ്ങളുടെയും സമീപം റോഡിൽ ഹംമ്പുകൾ, സീബ്ര ക്രോസ് ലൈനുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഈ പ്രവർത്തനങ്ങൾ എല്ലാം നടപ്പിലാക്കി വഴികൾക്ക് ഇരുവശവുമുള്ള തടസ്സങ്ങൾ ഒഴിവാക്കിയതിനു ശേഷം ഒക്ടോബർ 25ന് ട്രയൽ റൺ നടത്തും. ഇതിനു മുന്നോടിയായി ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ഈ വിഷയം സംബന്ധിച്ച് സംയുക്ത യോഗം ചേരാനും തീരുമാനമായി.

യോഗത്തിൽ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ വാഹനങ്ങൾ തിരിച്ചു വിടുന്ന വഴിയിൽ അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികൾ സംബന്ധിച്ച് ആവശ്യങ്ങൾ ഉന്നയിച്ചു. യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ്, വൈസ് പ്രസിഡന്റ് പി എ സഗീർ, റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ, ട്രാഫിക് എസ്. ഐ ജയപ്രകാശ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാർ, ദേശീയപാത അധികൃതർ, പൊതുമരാമത്ത്, കെഎസ്ഇബി, ഫയർ ഫോഴ്സ്, ബിഎസ്എൻഎൽ, തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു

Related posts

സംരംഭക വർഷം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം കോർപ്പറേഷന്

Aswathi Kottiyoor

എക്സൈസ് ഡ്യൂട്ടി മുൻകൂറായി വേണമെന്ന് ബവ്കോ; ഇടഞ്ഞ് മദ്യക്കമ്പനികൾ: പ്രതിസന്ധി.

Aswathi Kottiyoor

ശരീരത്തിലും, ബാഗിലും ഒളിപ്പിച്ച് മാരക മയക്കുമരുന്ന് കടത്താൻ ശ്രമം; യുവാവ് എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox