23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഒരേയൊരു വിഎസ്! പതറാത്ത ചുവടുറപ്പിന് പ്രായം നൂറ്
Uncategorized

ഒരേയൊരു വിഎസ്! പതറാത്ത ചുവടുറപ്പിന് പ്രായം നൂറ്

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വെള്ളിയാഴ്ച നൂറു വയസ്സാകും. പുന്നപ്ര വയലാര്‍ സമരഭൂമിയില്‍ നിന്ന് ഉയര്‍ന്നുവന്ന കരുത്തനായ നേതാവാണ് വിഎസ്. സമരത്തിന്റെ എഴുപത്തിയേഴാം വാര്‍ഷിക ഘട്ടത്തിലാണ് ജനനായകന്റെ ജന്മശതാബ്ദി. ഒരിക്കല്‍ ഇഎംഎസ് പറഞ്ഞു. ‘ഞാന്‍ തൊഴിലാളി വര്‍ഗത്തിന്റെ ദത്ത് പുത്രനാണ്.’ ജ്യോതി ബസു, എംഎന്‍ ഗോവിന്ദന്‍ നായര്‍, പി. സുന്ദരയ്യ, എകെജി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് ദത്തുപുത്രന്‍മാര്‍ നിരവധിയുണ്ടായി. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തൊഴിലാളിവര്‍ഗത്തിന്റെ സ്വന്തം പുത്രനാണ്. തയ്യല്‍ തൊഴിലാളിയായും കയര്‍ തൊഴിലാളിയായും കൊടി പിടിച്ച കൗമാരം. തൊഴിലാളികളുടെ ഭാഷയും വിയര്‍പ്പിന്റെ മണവുമുള്ള കമ്യൂണിസ്റ്റ്.

പട്ടിണി കിടന്ന് മരിക്കണോ അന്തസായി ജീവിക്കാന്‍ പൊരുതി മരിക്കണോ. വയറൊട്ടിയ തൊഴിലാളികളിലേക്ക് വിഎസും സഖാക്കളും പകര്‍ന്ന് നല്‍കിയ ഈ തീപ്പൊരിയാണ് നാല്‍പതുകളില്‍ കുട്ടനാട്ടിലും പുന്നപ്രയിലും വയലാറിലും ആളി പടര്‍ന്നത്. തന്റെ വീട് ക്യാമ്പാക്കി മാറ്റി സമരക്കാര്‍ക്ക് പരിശീലനവും സമരത്തിന്റെ ആസൂത്രണവും വിഎസ് നടത്തി. എന്നാല്‍ ഏറ്റുമുട്ടല്‍ ദിനങ്ങളില്‍ പുന്നപ്രയില്‍ നിന്ന് പൂഞ്ഞാറിലേക്ക് പോകാനായിരുന്നു വിഎസിന്റെ നിയോഗം. സമരം തുടങ്ങിയ ശേഷമാണ് അദ്ദേഹം ഒളിവില്‍ പോയതെന്നും പൊലീസ് പിടികൂടി മൃഗീയമായി മര്‍ദ്ദിച്ചെന്നും ജി സുധാകരന്‍ പറയുന്നു. പൊലീസ് കസ്റ്റഡിയില്‍ ഉള്ളം കാലിലേക്ക് തുളഞ്ഞിറങ്ങിയ ബയണേറ്റും എല്ലു നുറുക്കിയ പൊലീസ് മര്‍ദ്ദനവും. പക്ഷെ തോറ്റത് പൊലീസാണ്. കാലം മായ്ക്കാത്ത പ്രതീകമായി പുന്നപ്ര വയലാര്‍ ഇന്നും തലമുറകളെ ആവേശഭരിതരാക്കുന്നു. ആ മുന്നേറ്റങ്ങള്‍ കേരള രാഷ്ട്രീയത്തിന് നല്‍കിയ ഏറ്റവും മുനയേറിയ വാരിക്കുന്തത്തിന് പ്രായം 100.

Related posts

ബീച്ച് ജനറല്‍ ആശുപത്രിയിലെ എക്‌സറേ യൂണിറ്റ് വീണ്ടും പണിമുടക്കി; വലയുന്നത് സാധാരണക്കാര്‍

Aswathi Kottiyoor

സിപിഎം ഭീഷണി: ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് ഉദ്യോഗസ്ഥർ; ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു

Aswathi Kottiyoor

തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Aswathi Kottiyoor
WordPress Image Lightbox