• Home
  • Kerala
  • പക്ഷികൾക്കൊപ്പം പറക്കുന്നു, അതിരുകളില്ലാതെ
Kerala

പക്ഷികൾക്കൊപ്പം പറക്കുന്നു, അതിരുകളില്ലാതെ

പക്ഷികളോട്‌ ചങ്ങാത്തം കൂടിയ കുട്ടിക്കാലം.. പക്ഷികളെക്കുറിച്ച്‌ കൂടുതലറിയാനുള്ള ആകാംക്ഷ.. അമ്പത്താറാം വയസിലും പക്ഷികളെത്തേടിയുള്ള യാത്രയിലാണ്‌ കതിരൂർ നാമത്ത്‌മുക്ക്‌ വൈഷ്‌ണവിയിൽ കെ കെ ലതിക. പഠനകാലത്ത്‌ ജോൺ സി ജേക്കബിന്റെ സൊസൈറ്റി ഫോർ എൻവയേൺമെന്റ്‌ എഡ്യുക്കേഷൻ കേരളയിലൂടെ (സീക്ക്‌) ആരംഭിച്ച പക്ഷിനിരീക്ഷണം വർഷങ്ങൾക്കിപ്പുറം അതിരുകളില്ലാതെ തുടരുന്നു.
കതിരൂർ പഞ്ചായത്ത്‌ ജൈവവൈവിധ്യ പരിപാലന കമ്മിറ്റി പ്രസിദ്ധീകരിച്ച കെ കെ ലതികയുടെ പക്ഷി നിരീക്ഷണ പുസ്‌തകം ‘കിളിപാടും കതിരൂർ’ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ കഴിഞ്ഞ ദിവസം പ്രകാശിപ്പിച്ചു. കതിരൂർ പഞ്ചായത്തിൽ കാണുന്ന 129 പക്ഷികളെ തിരിച്ചറിയാനുള്ള വിവരങ്ങളാണ്‌ പുസ്‌തകത്തിൽ ചേർത്തിരിക്കുന്നത്‌. കാലൻ കോഴിപോലുള്ള മൂങ്ങ വർഗക്കാരെ ധാരാളമായി കാണുന്നുണ്ട്‌. കുടിക്കാനും കുളിക്കാനുമായി വീടുകളിലും മറ്റും വെള്ളം വയ്‌ക്കുന്നത്‌ പക്ഷികളെ കൂടുതൽ ആകർഷിക്കുന്നുണ്ടെന്നും പുസ്‌തകത്തിൽ പറയുന്നു.
ചുണ്ടങ്ങാപ്പൊയിൽ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ്‌ നാച്വർ ക്ലബ് അംഗമായത്‌. ചുറ്റുപാടും കാണുന്ന പക്ഷികളെ നിരീക്ഷിച്ച്‌ സീക്കിന്റെ മാസികയിലേക്ക്‌ കുറിപ്പായി അയച്ചുകൊടുക്കും. അടുത്ത മാസികയിൽ ഏതാണ്‌ പക്ഷിയെന്നും അവയുടെ പ്രത്യേകതകളെയും സംബന്ധിച്ച്‌ വിശദമായി കുറിപ്പുണ്ടാകും. ഇതോടെ പക്ഷി നിരീക്ഷണത്തിൽ താൽപ്പര്യമേറി. എസ്‌എൻ കോളേജിൽനിന്ന്‌ ബോട്ടണിയിൽ ബിരുദമെടുത്ത ലതിക ചുണ്ടങ്ങാപ്പൊയിൽ മാപ്പിള എൽപി സ്‌കൂളിൽ അധ്യാപികയായി. എങ്കിലും പക്ഷിനിരീക്ഷണം വിട്ടില്ല. സ്‌കൂളുകളിലും കോളേജുകളിലും ക്ലാസെടുക്കാറുണ്ട്‌.
കേരള ബേർഡ്‌സ്‌ അറ്റ്‌ലസ്‌ പ്രൊജക്ടുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ സംസ്ഥാനത്തെ പക്ഷിനിരീക്ഷകരുമായി സുഹൃദ്‌ ബന്ധം സ്ഥാപിച്ചു. വാട്‌സാപ്പ്‌ കൂട്ടായ്‌മ രൂപീകരിച്ച്‌ നിരവധി ബേർഡ്‌സ്‌ സർവേ പ്രൊജക്ടുകളുടെ ഭാഗമായി. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി യാത്രനടത്തി. കാമറയിൽ പക്ഷികളുടെ മനോഹരമായ ചിത്രങ്ങളും ലതിക പകർത്തി സൂക്ഷിക്കുന്നു.
കഴിഞ്ഞ നവംബറിൽ കതിരൂർ പഞ്ചായത്ത്‌ ജൈവവൈവിധ്യ പരിപാലന കമ്മിറ്റിയുടെ യോഗത്തിലാണ്‌ പക്ഷികളുടെ വിവരങ്ങൾ അടങ്ങിയ പുസ്‌തകം തയ്യാറാക്കാൻ തീരുമാനിച്ചത്‌. പിന്നീട്‌ ഓരോ ദിവസവും അഞ്ച്‌ പക്ഷികളുടെ വിവരങ്ങളും ഫോട്ടോയും സഹിതം ശേഖരിച്ചു. 35വർഷത്തെ സേവനത്തിന്‌ ശേഷം സ്‌കൂളിൽനിന്ന്‌ വിരമിച്ചെങ്കിലും പക്ഷി നിരീക്ഷണവും എഴുത്തുമൊക്കെയായി ലതിക ഇന്നും തിരക്കിലാണ്‌.

Related posts

മൃഗസംരക്ഷണ മേഖലയിലെ ചട്ടങ്ങൾ ലഘൂകരിക്കാൻ ഉന്നതതല സമിതി

Aswathi Kottiyoor

കൈറ്റ് മുഖേന സ്‌കൂളുകളിൽ പുതുതായി 36366 ലാപ്‌ടോപ്പുകൾ

Aswathi Kottiyoor

*സർക്കാർ ഏജൻസികളായാലും റോഡരുകിൽ ബോർഡ് വയ്ക്കാൻ രേഖാമൂലം അനുമതി വേണം: ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox