24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കെപിപിഎൽ തീപിടിത്തം : 
നഷ്ടം 10 കോടിയിലേറെ , അന്വേഷകസംഘത്തെ നിയോഗിച്ചു
Kerala

കെപിപിഎൽ തീപിടിത്തം : 
നഷ്ടം 10 കോടിയിലേറെ , അന്വേഷകസംഘത്തെ നിയോഗിച്ചു

കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിൽ വ്യാഴാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ 10 കോടിയിലേറെ രൂപയുടെ നഷ്ടം. പേപ്പർ മെഷീനിന്റെ നല്ലൊരുഭാഗവും നശിച്ചു. താൽക്കാലികമായി ഉൽപ്പാദനം നിലയ്‌ക്കുന്നതിലുള്ള നഷ്ടം വേറെ. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനാണ്‌ നശിച്ചത്‌. ഇത്‌ അറ്റകുറ്റപ്പണിയിലൂടെ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ കുറഞ്ഞത്‌ ഒരുമാസം വേണ്ടിവരും. മലയാള പത്രങ്ങളടക്കം മുപ്പതോളം ദിനപത്രങ്ങൾ കെപിപിഎല്ലിന്റെ ന്യൂസ്‌പ്രിന്റാണ്‌ ഉപയോഗിക്കുന്നത്‌. ദിവസം 200 ടൺ ന്യൂസ്‌ പ്രിന്റ്‌ ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. ഉൽപ്പാദനം നിലയ്‌ക്കുന്നത്‌ കമ്പനിക്ക്‌ വലിയ നഷ്ടം ഉണ്ടാക്കും.

“വൊയ്‌ത്‌’ എന്ന ജർമൻ കമ്പനിയുടേതാണ്‌ കത്തിപ്പോയ മെഷീൻ. ഇറക്കുമതി ചെയ്‌ത മെഷീൻ നാൽപതിലധികം വർഷമായി ഇവിടെ ഉപയോഗിക്കുന്നു. ഇതിന്റെ കത്തിപ്പോയ ഓരോ ഭാഗത്തിനും കോടികൾ വില വരും. മെഷീനിന്റെ ക്വാളിറ്റി കൺട്രോൾ സംവിധാനം കത്തിനശിച്ചു. ഇതിന്‌ മാത്രം രണ്ട്‌ കോടി രൂപ വരും. കടലാസിന്റെ കനം അളക്കുന്ന സംവിധാനമാണിത്‌. കത്തിപ്പോയ മെഷീൻ ക്ലോത്തിങ്ങിന്‌ ഒരുകോടിയിലേറെയാണ്‌ വില. യന്ത്രത്തിന്റെ അലുമിനിയം പാനലിങ്‌ ഉരുകിപ്പോയി. ഇലക്‌ട്രിക്കൽ കേബിളുകളും നശിച്ചു.

മെഷീന്റെ അറ്റകുറ്റപ്പണി ഉടൻ
തീപിടിത്തത്തിൽ നശിച്ച പേപ്പർ മെഷീനിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തുമെന്ന്‌ കെപിപിഎൽ സ്‌പെഷ്യൽ ഓഫീസർ പ്രസാദ്‌ ബാലകൃഷ്‌ണൻ അറിയിച്ചു. ഒരുമാസത്തിനുള്ളിൽ പ്രവർത്തനം പുനരാരംഭിക്കാനാണ്‌ ശ്രമിക്കുന്നത്‌. വിദഗ്‌ധരുടെ പരിശോധന പൂർത്തിയായിട്ടുണ്ട്‌. കെപിപിഎൽ മികച്ച രീതിയിലുള്ള പ്രവർത്തനത്തിലേക്ക്‌ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷകസംഘത്തെ നിയോഗിച്ചു
വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡിലെ തീപിടിത്തം സംബന്ധിച്ച് അന്വേഷിക്കാൻ കലക്ടർ പ്രത്യേകസംഘത്തെ നിയോഗിച്ചു. പാലാ ആർഡിഒ പി ജി രാജേന്ദ്രബാബുവാണ്‌ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ. ജില്ലാ ഫയർ ഓഫീസർ, വൈക്കം ഡിവൈഎസ്‌പി, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ, കെഎസ്ഇബി പാലാ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എന്നിവർ അംഗങ്ങളാണ്‌. 30നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് അന്വേഷകസംഘത്തെ നിയോഗിച്ചത്.

ഫയർ ഫോഴ്‌സ്‌, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്‌, ഡിപ്പാർട്‌മെന്റ്‌ ഓഫ്‌ ഫാക്ടറീസ്‌ ആൻഡ്‌ ബോയിലേഴ്‌സ്‌ അധികൃതരെത്തി പരിശോധന നടത്തി. യന്ത്രത്തിന്റെ മോട്ടോറുകളിലൊന്നിൽ ഷോർട്ട്‌ സർക്യൂട്ടുണ്ടായതാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ നിഗമനം. യന്ത്രത്തിന്‌ ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ നിർമാണശേഷിയുണ്ടായിരുന്നു. തീപിടിത്തമുണ്ടായപ്പോൾ സ്‌പ്രിങ്‌ക്ലർ പ്രവർത്തിച്ചില്ല.

ന്യൂസ്‌പ്രിന്റിനായി കൂടുതൽ ദിനപത്രങ്ങൾ സമീപിക്കുന്നതിനാൽ ഉൽപ്പാദനം വർധിപ്പിക്കാനുള്ള ആലോചന നടക്കുന്നതിനിടെയാണ്‌ തീപിടിത്തമുണ്ടായത്‌. കേന്ദ്രസർക്കാർ വിൽക്കാൻവച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌(എച്ച്‌എൻഎൽ) സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കി ആരംഭിച്ച സ്ഥാപനമാണ്‌ കെപിപിഎൽ.

സമഗ്ര അന്വേഷണം വേണം: ഐഎൻടിയുസി
കെപിപിഎല്ലിലെ തീപിടിത്തത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യംകൊണ്ടാണ്‌ കെപിപിഎൽ വെള്ളൂരിൽ സ്ഥാപിതമായത്‌. കലക്ടർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷകസംഘം അപര്യാപ്‌തമാണെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.

Related posts

വസ്തു നികുതി പകുതി പോലും പിരിച്ചില്ലെന്ന വാർത്ത ശരിയല്ല: മന്ത്രി

Aswathi Kottiyoor

രാജ്യത്ത് ആ​രോ​ഗ്യ പ​രി​ര​ക്ഷ​യി​ല്ലാ​തെ 40 കോ​ടി​ ജനങ്ങള്‍

Aswathi Kottiyoor

പഴകിയ എണ്ണ കണ്ടെത്താൻ പ്രത്യേക പരിശോധന: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox