24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • “കുസൃതിക്കുരുന്നേ നീ..”അമ്മ കുളിക്കാൻ വിളിച്ചു, മടിച്ച് കാറിൽ ഒളിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം..
Uncategorized

“കുസൃതിക്കുരുന്നേ നീ..”അമ്മ കുളിക്കാൻ വിളിച്ചു, മടിച്ച് കാറിൽ ഒളിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം..

അമ്മ കുളിക്കാൻ വിളിച്ചപ്പോള്‍ പാര്‍ക്ക് ചെയ്‍ത കാറിനുള്ളില്‍ ഒളിച്ചിരുന്ന അഞ്ച് വയസുകാരൻ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ ജുനഗഢിൽ ആണ് ദാരുണ സംഭവം. ആദിത്യ എന്ന അഞ്ചുവയസുകാരനാണ് ജീവൻ നഷ്‍ടമായത്. കുട്ടിയുടെ അമ്മ അവനെ കുളിക്കാൻ വിളിച്ചപ്പോഴാണ് സംഭവം അരങ്ങേറിയത്. കുളി ഒഴിവാക്കാനുള്ള പതിവ് ശ്രമത്തിൽ കുട്ടി പുറത്തേക്കോടി. തൊട്ടടുത്തുള്ള ഫാക്ടറിയുടെ മുറ്റത്ത് പാർക്ക് ചെയ്‍ത കാറിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. നിർഭാഗ്യവശാൽ കാറിന്റെ ഡോർ ഓട്ടോമാറ്റിക്കായി അടഞ്ഞതിനാൽ കുട്ടി വാഹനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സമയം മൂന്നു വയസ്സുള്ള ഇളയ കുട്ടിയെ കുളിപ്പിക്കുകയായിരുന്നു കുട്ടിയുടെ അമ്മ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കഴിഞ്ഞ് മൂത്ത കുട്ടിയെ നോക്കിയെങ്കിലും കണ്ടില്ല. കുറച്ച് സമയമായിട്ടും ആദിത്യ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ അവനെ കണ്ടെത്താൻ തിരച്ചിൽ നടത്തി.

പിന്നീട് ഫാക്ടറിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ആദിത്യ കാറിനുള്ളിൽ ഒളിച്ചിരുന്നതായി കണ്ടെത്തി. വാഹനത്തിൽ നിന്ന് പുറത്തെടുക്കുമ്പോഴേക്കും കുട്ടിയുടെ ബോധം നഷ്‍ടപ്പെട്ടിരുന്നു. രക്ഷിതാക്കൾ ജുനഗഡ് ആശുപത്രിയിലും തുടർന്ന് രാജ്‌കോട്ടിലും എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഫാക്ടറി ഉടമയുടെ കാറിലാണ് കുഞ്ഞ് കുടുങ്ങിയത്. ഈ കാറിന് ചുറ്റും ആദിത്യ നടക്കുന്നതും വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതുമൊക്കെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.ഭാര്യ രണ്ടാമത്തെ കുട്ടിയെ കുളിപ്പിക്കുന്ന സമയത്ത് മൂത്ത കുട്ടി അടുത്ത വരാന്തയിൽ ആയിരുന്നുവെന്നും എന്നാൽ, കുളിക്കാൻ ഇഷ്‍ടപ്പെടാതെ വീടിന് പുറത്തേക്ക് ഓടി പൂട്ടാത്ത കാറിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും മരിച്ച കുട്ടിയുടെ പിതാവ് രവീന്ദ്ര ഭാരതി പറയുന്നു.

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ കാഞ്ചൻപൂർ ഗ്രാമത്തിൽ നിന്ന് അടുത്തിടെയാണ് രവീന്ദ്ര തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും ജുനാഗഡിലേക്ക് കൊണ്ടുവന്നത്. ദമ്പതികൾ ജോലി ചെയ്യുന്ന പ്ലാസ്റ്റിക് ഫാക്ടറിയുടെ ഉടമ നൽകിയ ചെറിയ മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏകദേശം രണ്ടര മണിക്കൂറോളം കുട്ടി കാറിനുള്ളിൽ കുടുങ്ങിയെന്നും കാറിന്റെ ജനൽ ചില്ലുകളെല്ലാം അടച്ചിരുന്നതിനാൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരിക്കാമെന്നും പോലീസ് പറഞ്ഞു.

Related posts

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി; വാരാണസിയിൽ 25 മലയാളികൾ കുടുങ്ങി

കണിച്ചാർ പഞ്ചായത്തിൽ സിസിടിവിയുടെ ഉദ്ഘാടനം നടന്നു

Aswathi Kottiyoor

കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

Aswathi Kottiyoor
WordPress Image Lightbox