ചെറുവത്തൂരിലെ ഹോം നഴ്സിംഗ് സ്ഥാപന നടത്തിപ്പുകാരിയും തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയുമായ രജനി കൊല്ലപ്പെടുന്നത് 2014 സെപ്റ്റംബര്‍ 12 നാണ്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് പറമ്പില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം കണിച്ചിറ സ്വദേശി സതീശന്‍ രജനിയെ കഴുത്ത് ഞെരിച്ച് കൊന്ന് സുഹൃത്ത് ബെന്നിയുടെ സഹായത്തോടെ കുഴിച്ചിടുകയായിരുന്നു. ഒന്നാം പ്രതി സതീശന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വേറെയുമുണ്ട്.
രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. സതീശനും രജനിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. കല്യാണം കഴിക്കണമെന്ന് രജനി നിര്‍ബന്ധം പിടിച്ചതോടെയാണ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഇയാള്‍ കൊല നടത്തിയത്. രജനിയെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയില്‍ അന്നത്തെ നീലേശ്വരം സിഐ ആയിരുന്ന യു. പ്രേമന്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. നാനൂറോളം പേജ് വരുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 47 സാക്ഷികളെ വിസ്തരിച്ചു.