24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇന്ത്യ ക്യാനഡ ബന്ധം ഉലയുന്നു ; ഖലിസ്ഥാൻ അനുകൂലികളുടെ 
ഇന്ത്യൻ പൗരത്വ കാർഡ്‌ റദ്ദാക്കാൻ നീക്കം
Kerala

ഇന്ത്യ ക്യാനഡ ബന്ധം ഉലയുന്നു ; ഖലിസ്ഥാൻ അനുകൂലികളുടെ 
ഇന്ത്യൻ പൗരത്വ കാർഡ്‌ റദ്ദാക്കാൻ നീക്കം

യുഎസ്‌, യുകെ, ക്യാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഖലിസ്ഥാൻ അനുകൂല പ്രവർത്തകരിൽ പ്രവാസികൾക്ക്‌ നൽകുന്ന ഇന്ത്യൻ പൗരത്വ കാർഡ്‌ (ഒസിഐ) കൈവശമുള്ളവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾക്ക്‌ കേന്ദ്ര സർക്കാർ നിർദേശം നൽകി. ഖലിസ്ഥാൻ അനുകൂലികളുടെ ഒസിഐ കാർഡ്‌ റദ്ദാക്കാനാണ്‌ കേന്ദ്രനീക്കം. ഒസിഐ കാർഡുള്ളവർക്ക്‌ വിസ കൂടാതെ ഇന്ത്യയിലേക്ക്‌ പ്രവേശനം സാധ്യമാണ്‌. ഖലിസ്ഥാൻ അനുകൂലികൾ ഇത്തരത്തിൽ വിസ കൂടാതെ ഇന്ത്യയിലേക്ക്‌ എത്തുന്നത്‌ തടയുകയാണ്‌ ലക്ഷ്യം.

വിദേശത്തെ ഖലിസ്ഥാൻ നേതാക്കളുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടിക്കു പിന്നാലെയാണ്‌ ഒസിഐ കാർഡ്‌ റദ്ദാക്കൽ.
നിലവിൽ ഒസിഐ കാർഡുള്ള രണ്ടു ഡസനോളം ഖലിസ്ഥാൻ അനുകൂലികളെ കണ്ടെത്തിയിട്ടുണ്ട്‌. ഇതിൽ യുകെ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഏഴുപേരും യുഎസിലുള്ള അഞ്ചുപേരും ക്യാനഡയിലുള്ള രണ്ടുപേരും ഉൾപ്പെടും.

ഖലിസ്ഥാൻ വിഘടനവാദികൾക്കെതിരായ നടപടിയുടെ ഭാഗമായി ഇന്ത്യയിലുള്ള അവരുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള നടപടിയും തുടങ്ങി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ സിഖ്‌ ഫോർ ജസ്റ്റിസ്‌ തലവനുമായ ഗുർപത്വന്ത് സിങ്‌ പന്നുവിന്റെ വീടും സ്ഥലവും കണ്ടുകെട്ടിയിരുന്നു. സമാനമായി വിദേശത്തുള്ള 19 ഖലിസ്ഥാൻ വിഘടനവാദികളുടെ പട്ടികയും കേന്ദ്രഏജൻസികൾ തയാറാക്കിയിട്ടുണ്ട്‌.

ഉഭയകക്ഷി ബന്ധം വെല്ലുവിളി: ക്യാനഡ പ്രതിരോധമന്ത്രി
വാൻകൂവറിൽ ഹർദീപ്‌ സിങ്‌ നിജ്ജാർ കൊല്ലപ്പെട്ടത്‌ ഇന്ത്യ–-ക്യാനഡ ബന്ധത്തിൽ കനത്ത വെല്ലുവിളിയാണ്‌ ഉയർത്തിയിരിക്കുന്നതെന്ന്‌ ക്യാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ. കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക്‌ പങ്കുണ്ടോയെന്നത്‌ തെളിയേണ്ടതുണ്ട്‌. എന്നാൽ രാജ്യത്തെ പൗരരെയും നിയമത്തെയും സംരക്ഷിക്കാൻ ക്യാനഡയ്‌ക്ക്‌ ബാധ്യതയുണ്ട്‌. രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച്‌ ക്യാനഡയുടെ മണ്ണിൽ നടന്ന കൊലപാതകത്തിൽ കടുത്ത ആശങ്കയുണ്ടെന്നും ബ്ലയർ കനേഡിയൻ പറഞ്ഞു. വിഷയം ക്യാനഡയുടെ ഇന്തോ–-പസിഫിക്‌ തന്ത്രത്തെ ബാധിക്കുമോയെന്ന ചോദ്യത്തോട്‌ പ്രതികരിക്കയായിരുന്നു ബ്ലയർ.

ക്യാനഡയിലെ ഇന്ത്യന്‍ വംശജര്‍ ആശങ്കയില്‍
ഇന്ത്യ –-ക്യാനഡ നയതന്ത്രബന്ധം വഷളായതോടെ ക്യാനഡയിലെ ഇന്ത്യൻ സമൂഹം ആശങ്കയില്‍. ഇന്ത്യയിലേക്കും ക്യാനഡയിലേക്കും യാത്ര ചെയ്യാൻ സാധാരണക്കാർ ഇപ്പോൾ വിലയബുദ്ധിമുട്ട് നേരിടുന്നുവെന്ന് മുതിർന്ന കനേഡിയൻ മാധ്യമപ്രവര്‍ത്തകന്‍ ഹർലീം സാദിയ പറഞ്ഞു. സാധാരണ ജീവിതം നയിക്കുന്ന ക്യാനഡയിലെ ഇന്ത്യന്‍വംശജരാണ് ഏറെ പ്രതിസന്ധിയിലായതെന്നും എല്ലാ പ്രശ്നവും ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ വംശജനായ കനേഡിയൻ പൗരന്‍ ഗുർജന്ത് സിങ്‌ പറഞ്ഞു.ക്യാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ഓര്‍ത്തെങ്കിലും ഇരു രാജ്യവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ബന്ധം മെച്ചപ്പെടണമെന്ന് കനേഡിയൻ പൗരനായ അജൈബ് സിങ്‌ പറഞ്ഞു.

ധാന്യ ഇറക്കുമതി നിര്‍ത്തണമെന്ന് ആവശ്യം
ഇരുരാജ്യവും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെ, ക്യാനഡയ്ക്കെതിരായ നീക്കം ശക്തമാക്കണമെന്ന ആവശ്യവുമായി വ്യാപാരി സംഘടനകളും. ക്യാനഡയില്‍ നിന്നുള്ള ധാന്യ ഇറക്കുമതി നിരോധിക്കണമെന്ന് ഡൽഹി വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ക്യാനഡയ്ക്ക് മേൽ സാമ്പത്തിക സമ്മർദം ചെലുത്തണമെന്നും സംഘടന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

യുഎസിൽ സിഖ് വിഘടനവാദികൾക്ക് ഭീഷണിയെന്ന്
നിജ്ജാറിന്റെ കൊലപാതകത്തിനുശേഷം അമേരിക്കയിലെ സിഖ്‌ വിഘടനവാദി നേതാക്കളുടെ ജീവന്‌ ഭീഷണിയുണ്ടെന്ന്‌ എഫ്‌ബിഐ (ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെസ്‌റ്റിഗേഷൻ) മുന്നറിയിപ്പ്‌ നൽകിയെന്ന്‌ അമേരിക്കൻ ഓൺലൈൻ മാധ്യമം ‘ദ ഇന്റർസെപ്റ്റ്‌’ റിപ്പോർട്ട്‌ ചെയ്‌തു. രണ്ട്‌ എഫ്‌ബിഐ ഉദ്യോഗസ്ഥർ തന്നെ നേരിൽക്കണ്ട്‌ ഇക്കാര്യം അറിയിച്ചുവെന്ന്‌ അമേരിക്കൻ സിഖ്‌ കോക്കസ്‌ കമ്മിറ്റി കോ–-ഓർഡിനേറ്റർ പ്രീത്‌പാൽ സിങ് വെളിപ്പെടുത്തിയെന്നാണ്‌ റിപ്പോർട്ട്‌. എവിടെനിന്നാണ്‌ ഭീഷണിയെന്ന്‌ പറഞ്ഞില്ല –-പ്രീത്‌പാൽ സിങ്‌ പറഞ്ഞു. പേര്‌ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട്‌ പേരും എഫ്‌ബിഐ മുന്നറിയിപ്പ്‌ സ്ഥിരീകരിച്ചതായി ‘ദി ഇന്റർസെപ്‌ട്‌’ റിപ്പോർട്ടിൽ പറയുന്നു. നിജ്ജാർ കൊലപാതകം സംബന്ധിച്ച അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന്‌ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്‌

Related posts

ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. മാരത്തൺ

Aswathi Kottiyoor

കാട്ടുപന്നിയെ കൊല്ലാന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍; വനംവകുപ്പ് ഉത്തരവായി

Aswathi Kottiyoor

✒️ മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദറിന്റെ 2-ാം ചരമവാർഷികം ✒️

Aswathi Kottiyoor
WordPress Image Lightbox