മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ തേയില ഫാക്ടറി പ്രവർത്തിപ്പിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഊത്തിലെ സ്കൂളിനും അവധി നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി വൈൽഡ് ലൈഫ് വാർഡൻ സെമ്പക പ്രിയ പറഞ്ഞു. അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം 10 കിലോമീറ്റർ അരിക്കൊമ്പൻ സഞ്ചരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
തമിഴ് നാട്ടിലെ മാഞ്ചോല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പനെ തിരികെ കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് വനം വകുപ്പ്. എസ്റ്റേറ്റിൽ നിലയുറപ്പിച്ച ആനയെ വനം വകുപ്പിന്‍റെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. മേഖലയിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടായിരത്തിലേറെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് മാഞ്ചോല എസ്റ്റേറ്റ്. അരിക്കൊമ്പൻ ഇവിടേക്ക് എത്തി എന്നതിനെ ഗൗരവകരമായാണ് വനം വകുപ്പ് കാണുന്നത്. നിലവിൽ മാഞ്ചോല ഊത്ത് പത്താം കാടിലാണ് അരികൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഒപ്പം ആനക്കൂട്ടവും ഉള്ളതായി വനംവകുപ്പ് കണ്ടെത്തി. പ്രദേശത്തെ സ്കൂളിന് സമീപവും കഴിഞ്ഞ ദിവസം അരികൊമ്പൻ എത്തിയിരുന്നു. സ്കൂളിന് ഇന്നെലെയും ഇന്നും അവധി നൽകി. കഴിഞ്ഞ ദിവസം വാഴക്കൃഷി നശിപ്പിച്ചതും ഒരു വീടിന്‍റെ മേൽക്കൂരയും മരങ്ങളും തകർത്തതും അരിക്കൊമ്പനാണെന്ന സംശയത്തിലാണ് നാട്ടുകാർ.
കേരളത്തിൽ നിന്നടക്കമുള്ള വിനോദസഞ്ചാരികൾ ധാരാളമായെത്തുന മാഞ്ചോലയിൽ ഈ മാസം അവസാനം വരെ സഞ്ചാരികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മണിമുത്താർ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പോകുന്നതും നിരോധിച്ചിട്ടുണ്ട്.