24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാൻ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി
Kerala

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാൻ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാൻ അവസരമൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പാലക്കാട്‌ എത്തന്നൂർ ജിബിയുപി സ്‌ക്കൂളിന്റെയും, കൊടുവായൂർ ജിബിഎൽപി സ്‌ക്കൂളിന്റെയും കെട്ടിട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

“പൊതുവിദ്യാലയങ്ങളുടെ ആധുനികവൽക്കരണത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഏറെ മുന്നേറി കഴിഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 3800 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ നടത്തിയത്. ഇത് എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും തുല്യതയിൽ ഊന്നിയ ഗുണമേന്മാ വിദ്യാഭ്യാസം ലഭ്യമാക്കി. നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ ഏവർക്കും എളുപ്പത്തിൽ വിദ്യാഭ്യാസം പ്രാപ്യമാക്കാൻ ഇത് കാരണമായി.

അടുത്ത ലക്ഷ്യം അക്കാദമിക നിലവാരം കൂടുതൽ മെച്ചപ്പെട്ടതാക്കുക എന്നതാണ്. പാഠ്യപദ്ധതി പരിഷ്കരണം അടക്കമുള്ള കാര്യങ്ങൾ ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. കേരളത്തിൽ സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വർഷം പിന്നിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ജനകീയമായ ചർച്ചകളും കുട്ടികളുടെ ചർച്ചകളും, പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിർത്തിയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നത്. ഈ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം 26 മേഖലകളിൽ നിലപാട് രേഖ തയ്യാറാക്കുക എന്നതായിരുന്നു.

ജനകീയ, വിദ്യാർത്ഥി ചർച്ചകളിലൂടെയും ടെക് പ്ലാറ്റ്‌ഫോമിലൂടെ ലഭിച്ച അഭിപ്രായങ്ങളും പരിഗണിച്ചിട്ടാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. നാല് മേഖലകളിലെ പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കുന്നുണ്ട്. അതിൽ ആദ്യത്തേതായ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന്റെ കരട് പ്രകാശനവും സെമിനാറും ജനകീയ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ടും, കുട്ടികളുടെ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ടും 2023 സെപ്റ്റംബർ 21-ാം തീയതി ഉച്ചയ്ക്ക് 2.30 ന് സഹകരണ ടവറിൽ വച്ച് നിർവ്വഹിക്കുകയാണ്. പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളിൽ തയ്യാറാക്കിയ ചട്ടക്കൂടുകൾ ഒക്ടോബർ 9 ന് പ്രകാശനം ചെയ്യും.

ഒന്ന്, മൂന്ന്, അഞ്ച് ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ അടുത്ത അക്കാദമിക വർഷം സ്‌കൂളുകളിൽ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. കൂടാതെ അധ്യാപക സഹായി, ഡിജിറ്റൽ ടെക്സ്റ്റ്, രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് എന്നിവയും തയ്യാറാക്കും. പഠനം മുടങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ കുട്ടികൾക്ക് സ്വയം പഠിക്കാവുന്ന തരത്തിലാണ് ഡിജിറ്റൽ ടെക്സ്റ്റ് വികസിപ്പിക്കുക. കൂടാതെ ഭിന്നശേഷി കുട്ടികൾക്കായി ഓഡിയോ ടെക്സ്റ്റും പുറത്തിറക്കും” മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Related posts

വയനാട്ടിൽ കരടി ആക്രമണം: തേന്‍ ശേഖരിക്കാന്‍പോയ 61-കാരന്റെ പുറത്തും കഴുത്തിലും മാന്തി.*

Aswathi Kottiyoor

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

Aswathi Kottiyoor

ഫോക് ലോര്‍ അക്കാദമിയില്‍ പുതിയ കോഴ്സുകള്‍*

Aswathi Kottiyoor
WordPress Image Lightbox