24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മട്ടന്നൂരിന്റെ ആരോഗ്യ മേഖലക്ക് കരുത്തേകാൻ മൂന്ന് വെൽനെസ് സെന്ററുകൾ
Kerala

മട്ടന്നൂരിന്റെ ആരോഗ്യ മേഖലക്ക് കരുത്തേകാൻ മൂന്ന് വെൽനെസ് സെന്ററുകൾ

മട്ടന്നൂർ നഗരസഭയുടെ ആരോഗ്യ മേഖലക്ക് കരുത്ത് പകരാനായി മൂന്ന് അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ ഒരുങ്ങി. നഗരസഭയിലെ കല്ലൂർ, ഉരുവച്ചാൽ, വെമ്പടി എന്നിവിടങ്ങളിലാണ് സെന്ററുകൾ പ്രവർത്തനം ആരംഭിക്കുന്നത്. ഓരോ സെന്ററിനും 75 ലക്ഷം രൂപ വീതം ധനകാര്യ കമ്മീഷന്റെ ഹെൽത്ത് ഗ്രാന്റ് വിനിയോഗിച്ചാണ് സെന്ററുകൾ ഒരുക്കിയത്.
നഗരസഭ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലാണ് ഇവ പ്രവർത്തിക്കുക. ഒന്ന് വീതം ഡോക്ടർ, സ്റ്റാഫ് നേഴ്സ്, അറ്റന്റർ, ഫാർമസിസ്റ്റ്, മൾട്ടിപർപസ് വർക്കർ എന്നിങ്ങനെ അഞ്ച് ജീവനക്കാരാണ് ഓരോ സെന്ററിലും ഉള്ളത്. ഒ പി ചികിത്സയും മരുന്നും സൗജന്യമാണ്. ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് ഒ പി സമയം. ഇതിന് പുറമെ ഔട്ട്റീച്ച് ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും. ഇ-സഞ്ജീവനി ടെലിമെഡിസിൻ കൺസൾട്ടേഷൻ സൗകര്യം വഴി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. ആഴ്ചയിൽ ഒരിക്കൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ നേരിട്ടെത്തി പരിശോധന നടത്തുന്ന പോളിക്ലിനിക്ക് ഒരുക്കാനുള്ള ആലോചനയുമുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും മുനിസിപ്പൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലും ജീവനക്കാരെ നിയമിക്കൽ, ആവശ്യമായ ഫർണിച്ചർ, അനുബന്ധ ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയവ മുനിസിപ്പൽ സെക്രട്ടറിയുടെ മേൽനോട്ടത്തിലുമാണ് നടത്തിയത്.
കല്ലൂരിലെ സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 15 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവഹിക്കും. ഈമാസം തന്നെ ബാക്കിയുള്ള രണ്ടു സെന്ററുകളും പ്രവർത്തനം തുടങ്ങാനാണ് തീരുമാനമെന്ന് നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ പറഞ്ഞു.

Related posts

സ്‌കൂള്‍ അധ്യാപകര്‍ക്കും ഇനി അപ്രൈസലും മാര്‍ക്കും; മികവ് നോക്കി ശമ്പളവും സ്ഥാനക്കയറ്റവും .

Aswathi Kottiyoor

വൈദ്യുത പോസ്റ്റ് വഴിയും 5ജി; ടെലികോം കമ്പനികളുടെ സംഘടനയുമായി ചർച്ച.

Aswathi Kottiyoor

മുഖ്യമന്ത്രി ഇന്ന് കണ്ണൂരില്‍: കറുത്ത മാസ്ക്കിന് വിലക്ക്, കനത്ത സുരക്ഷ

Aswathi Kottiyoor
WordPress Image Lightbox