24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേരളത്തില്‍ നിപ ആവര്‍ത്തിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തണം: ഡോ. ബി ഇക്ബാല്‍ എഴുതുന്നു
Kerala

കേരളത്തില്‍ നിപ ആവര്‍ത്തിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തണം: ഡോ. ബി ഇക്ബാല്‍ എഴുതുന്നു

1998 ല്‍ മലേഷ്യയിലും തുടര്‍ന്ന് സിംഗപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എല്‍ നിനോ പ്രതിഭാസം മലേഷ്യന്‍ കാടുകളെ നശിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രധാനമായും കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് ജിവിച്ചിരുന്ന വവ്വാലില്‍ നിന്നും നിപ്പാ വൈറസ്, പന്നി തുടങ്ങിയ നാട്ട്മൃഗങ്ങളിലേക്ക് വ്യാപിച്ചത്.

പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടര്‍ന്നു. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരില്‍ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകര്‍ന്നിരുന്ന നിപ വൈറസ് ജനിതകമാറ്റം സംഭവിച്ചത് കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പടരുന്നത്.

രോഗകാരണം

ഹെന്‍ഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്‌സോ വിറിഡേ (Paramyxoviridae), വിഭാഗത്തില്‍പ്പെട്ട ആര്‍എന്‍എ വൈറസുകളാണ് നിപ വൈറസുകള്‍. പ്രധാനമായും പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസ്സില്‍പ്പെട്ട വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകര്‍.,. വവ്വലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. മലേഷ്യയില്‍ വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും രോഗം പകര്‍ന്നു.

വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളില്‍ കലങ്ങളില്‍ ശേഖരിക്കുന്ന പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയില്‍ മാത്രമാണ് പന്നികളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗലക്ഷണങ്ങള്‍

രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. പനി, തലവേദന, തലകറക്കം, ചുമ, ബോധക്ഷയം മുതലായവയാണ് നിപ രോഗലക്ഷണങ്ങള്‍. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് മരണത്തിന് കാരണമാവും. 40 മുതല്‍ 60 ശതമാനം വരെയാണ് മരണനിരക്ക്. ആര്‍ ടി പി സി ആര്‍, എലിസ (ELISA) ടെസ്റ്റുകള്‍ വഴി രോഗനിര്‍ണ്ണയം നടത്താം, മരണമടയുന്ന രോഗികളുടെ അവയവകോശങ്ങള്‍ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി (Immunohistochemistry) പരിശോധനക്ക് വിധേയമാക്കി രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയും.

രോഗവ്യാപനം

മലേഷ്യയില്‍ 1998-99 കാലത്ത് 265 പേരെ രോഗം ബാധിച്ചു , 105 പേര്‍ മരണമടഞ്ഞു. സിംഗപ്പൂരില്‍ 11 പേരില്‍ രോഗം കണ്ടെത്തി ഒരാള്‍ മാത്രമാണ് മരണമടഞ്ഞത്. ബംഗ്ലാദേശിലെ മെഹര്‍പൂര്‍ ജില്ലയില്‍ നിപ വൈറസ് രോഗം 2001 ല്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ബംഗ്ലാദേശിലെ നിരവധി ജില്ലകളിലേക്ക് രോഗം പടര്‍ന്നു. 2012 മാര്‍ച്ച് വരെ ബംഗ്ലാദേശില്‍ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 196 (74.5%) പേരും മരിച്ചു. 2001 ല്‍ ഇന്ത്യയില്‍ പശ്ചിമബംഗാളിലെ സിലിഗുരിയില്‍ 71 പേരെ നിപ വൈറസ് രോഗം ബാധിക്കയും 50 പേര്‍ മരണമടയുകയും ചെയ്തു. 2007 ല്‍ നാദിയായില്‍ 30 പേര്‍ക്ക് രോഗബാധയുണ്ടായി 5 പേര്‍ മരണമടഞ്ഞു. 1998 നു ശേഷം ഇതുവരെ നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരില്‍ 252 പേര്‍ മരണമടഞ്ഞു.

40 മുതല്‍ 75 ശതമാനം വരെയായിരുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക് .

നിപ കേരളത്തില്‍

2018 മേയ് മാസത്തില്‍ കേരളത്തില്‍ നിപ വൈറസ് ബാധ ഉണ്ടായി. 28 പേരില്‍ രോഗ ലക്ഷണം കണ്ടെങ്കിലും 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര്‍ മരണമടഞ്ഞു. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്ടുള്ള പേരാമ്പ്ര എന്ന ഗ്രാമത്തിലായിരുന്നു പകര്‍ച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്. രോഗം ബാധിച്ചു മരിച്ച 17 പേര്‍ക്കും രോഗം പടര്‍ന്നത് ആദ്യ നിപ വൈറസ് ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്തില്‍ നിന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. പിന്നീട് 2019 ല്‍ ജൂണില്‍ കൊച്ചിയില്‍ 23 കാരനായ വിദ്യാര്‍ഥിയെ നിപ വൈറസ് ബാധിച്ചെങ്കിലും ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായി.

നിപ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല. വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിന്‍ (Ribavirin) എന്നമരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നു വരുന്നു.

ഇപ്പോള്‍ കോഴിക്കോട് വീണ്ടും നിപ ബാധയുണ്ടായതായും തുടര്‍ന്ന് മരണം സംഭവിച്ചതായും സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ ആവര്‍ത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള സൂക്ഷ്മ പഠനം നടത്തേണ്ടിയിരിക്കുന്നു,

Related posts

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം

Aswathi Kottiyoor

21 ദിവസം, 10000 മരണം; രാജ്യത്ത്‌ അതിതീക്ഷ്‌ണവ്യാപനം; വീണ്ടും അടച്ചിടാന്‍ മഹാരാഷ്ട്ര, ഡൽഹി………..

Aswathi Kottiyoor

മരുന്നിനു പോലുമില്ല’ ഗുണനിലവാരം; സർക്കാർ ആശുപത്രികളിലെ മരുന്നുകൾ പരിശോധനയിൽ പരാജയപ്പെടുന്നു

Aswathi Kottiyoor
WordPress Image Lightbox