26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • നാല്‌ വർഷം 1145 ഓഫീസ്‌ സമുച്ചയം ; 1000 കോടിയുടെ പദ്ധതിക്ക്‌ കിഫ്‌ബി അംഗീകാരം
Kerala

നാല്‌ വർഷം 1145 ഓഫീസ്‌ സമുച്ചയം ; 1000 കോടിയുടെ പദ്ധതിക്ക്‌ കിഫ്‌ബി അംഗീകാരം

വീടിനടുത്ത്‌ ജോലി ചെയ്യാൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 1145 ഓഫീസ്‌ സമുച്ചയങ്ങൾ നാല്‌ വർഷത്തിനകം കേരളത്തിൽ ഉയരും. അഭ്യസ്‌തവിദ്യർക്ക്‌ വീടിനടുത്ത്‌ തൊഴിലെടുക്കാൻ ഓഫീസ്‌ സൗകര്യം ഉറപ്പാക്കുന്ന കെ–-ഡിസ്‌ക്കിന്റെ 1000 കോടി രൂപയുടെ വർക്ക്‌ നിയർ ഹോം പദ്ധതിക്ക്‌ കിഫ്‌ബിയുടെ അംഗീകാരമായി. ഐടി, അനുബന്ധ മേഖലയിലുള്ള ഒരു ലക്ഷം പേർക്ക്‌ വീടിനടുത്ത്‌ ജോലി ചെയ്യാനുള്ള സൗകര്യമാണ്‌ സർക്കാർ ഒരുക്കുന്നത്‌. കേരള നോളജ്‌ ഇക്കോണമി മിഷൻ തയ്യാറാക്കിയ പദ്ധതി കിഫ്‌ബി ബോർഡ്‌ അംഗീകരിച്ചു.

വിസ്‌തൃതിയുടേയും സൗകര്യങ്ങളുടേയും അടിസ്ഥാനത്തിൽ മൂന്ന്‌ തരത്തിലാകും സമുച്ചയങ്ങൾ. 675 സൂക്ഷ്‌മ, 400 ചെറുകിട, 70 കമ്യൂണിറ്റി ഓഫീസ്‌ സമുച്ചയ ശൃംഖലയാണ്‌ നിർമിക്കുക. രണ്ടായിരംമുതൽ അയ്യായിരം ചതുരശ്രയടിയിൽ ‘സൂക്ഷ്‌മ’ ഓഫീസുകൾ തുറക്കും. 15 മുതൽ 50 പേർക്കുവരെ ഉപയോഗിക്കാനാകും. ഓരോന്നിനും 50 ലക്ഷം രൂപ മുതലാണ്‌ നിർമാണച്ചെലവ്‌. ചെറുകിട ഓഫീസിന്‌ അയ്യായിരംമുതൽ പതിനായിരംവരെ ചതുരശ്രയടി വിസ്‌തൃതിയുണ്ടാകും. 100 പേർക്കുവരെ പ്രയോജനപ്പെടും. യൂണിറ്റിന്‌ ഒരു കോടി രൂപയാണ്‌ മുതൽമുടക്ക്‌. നൂറിനുമുകളിൽ 250 പേർക്കുവരെ ജോലി ചെയ്യാവുന്ന കമ്യൂണിറ്റി ഓഫീസുകളുടെ വിസ്‌തൃതി 25,000 ചതുരശ്രയടിയാണ്‌. മുനിസിപ്പൽ, കോർപറേഷൻ നഗര മേഖലയിലും ബ്ലോക്ക്‌ അടിസ്ഥാനത്തിലുമായിക്കും ഇവ നിർമിക്കുക. യൂണിറ്റിന്‌ 3.75 കോടി രൂപ അടങ്കൽവരും.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇതിനാവശ്യമായ സ്ഥലം കണ്ടെത്തും. ഒറ്റയ്‌ക്കും കൂട്ടായും ജോലിസ്ഥലം തെരഞ്ഞെടുക്കാം. അതിവേഗ ഇന്റർനെറ്റ്‌, തടസ്സമില്ലാത്ത വൈദ്യുതി, വീഡിയോ കോൺഫറൻസിങ്‌ സൗകര്യം, ലോക്കർ, വൈദ്യസഹായം, ക്രഷേ, റിക്രിയേഷൻ, വ്യായാമം, കോൺഫറൻസ്‌ ഹാൾ, കഫ്‌റ്റേരിയ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, ഫ്രീലാൻസർമാർ, സംരംഭകർ തുടങ്ങിയവർക്കെല്ലാം ഒരുകുടക്കീഴിൽ ജോലി ചെയ്യാൻ അവസരമൊരുങ്ങും. ഓഫീസുകളിൽനിന്ന്‌ ലഭ്യമാകുന്ന വരുമാനം ഉപയോഗിച്ച്‌ തദ്ദേശ സ്ഥാപനങ്ങൾ കിഫ്‌ബി മുതൽമുടക്ക്‌ തിരിച്ചടയ്‌ക്കും.

വർക്‌ നിയർ ഹോം
ഒരു പ്രദേശത്തുള്ളവര്‍ക്ക് അവിടുത്തെ പ്രാദേശിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിവിധ ജോലികള്‍ക്കായി ഒത്തുകൂടാനുള്ള തൊഴിലിട ശൃംഖലയാണ് വർക്‌ നിയർ ഹോം. കേരള സ്‌റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിനാണ്‌ പദ്ധതി നിർവഹണ ചുമതല. തദ്ദേശ സ്ഥാപനങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക്‌ ആവശ്യമായ മൂലധന നിക്ഷേപമാണ്‌ കിഫ്‌ബി ഉറപ്പാക്കുന്നത്‌.

Related posts

ജല സെൻസസ്: കേരളത്തിൽ 111 ജലാശയങ്ങളിൽ കയ്യേറ്റം; 83.5% ജലാശയങ്ങളും ഉപയോഗയോഗ്യം.

Aswathi Kottiyoor

സി പി നാരായണൻ നമ്പ്യാർക്ക് കെ പി എ റഹിം സ്മാരക കർമ്മശ്രഷ്ഠ പുരസ്കാരം

Aswathi Kottiyoor

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox