വാർഡ് ബോയിയുടെ ‘ഡോക്ടർ’ അവതാരം; പഠിച്ചത് 11 വരെ, ഡൽഹി സഫ്ദർജംഗ് ആശുപത്രിയെപ്പോലും പറ്റിച്ച ‘വ്യാജൻ’

പഠിച്ചതു വെറും പതിനൊന്നാം ക്ലാസ് വരെ. സേവനമനുഷ്ഠിക്കുന്നതു രാജ്യതലസ്ഥാനത്തെ സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ സഫ്ദർജംഗിൽ. തസ്തിക, ജൂനിയർ റസിഡന്റ് ഡോക്ടർ! വാർത്ത കേട്ടവർ അമ്പരന്നു. വ്യാജ സർട്ടിഫിക്കെറ്റുകൾ നിർമിക്കാൻ സാധിച്ചേക്കാം പക്ഷേ, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയെടുത്തതു തട്ടിപ്പുസംഘത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതായി. രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ആണ് രാംകിഷോർ മഹാവർ എന്ന വ്യാജനെ പൊക്കിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് സത്യജിത്, ഖുറാം തൗഫീഖ്, മനീഷ് മാഞ്ചി എന്നിവരെയും പിടിയിലായിട്ടുണ്ട്. വ്യാജ സർട്ടിഫിക്കെറ്റ് റാക്കറ്റിനെക്കുറിച്ചു വിശദമായ അന്വേഷണം തുടരുകയാണെന്ന് എസ്ഒജി അറിയിച്ചു.
രാംകിഷോർ മഹാവറിനു പതിനൊന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നു ചോദ്യം ചെയ്യലിൽ തെളിഞ്ഞു. 2016 മുതൽ 2022 വരെ രാജസ്ഥാനിലെ ദൗസയിലുള്ള സ്വകാര്യ നഴ്സിംഗ് ഹോമിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. പിന്നീട് ബലോട്ടറിലെ ആശുപത്രിയിൽ അൾട്രാസൗണ്ട് റിപ്പോർട്ടുകൾ ടൈപ്പ് ചെയ്യുന്ന മെഡിക്കൽ അസിസ്റ്റന്റായും ജോലി ചെയ്തു. തുടർന്ന് ബയാനയിലെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനു കീഴിൽ അൾട്രാസൗണ്ട് സംബന്ധമായ ജോലികളിലും പ്രവർത്തിച്ചു.
ബയാനയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ, പരിചയക്കാരൻ വഴി ഉത്തർപ്രദേശിലെ രാമ മെഡിക്കൽ കോളജിന്റെ എംബിബിഎസ് സർട്ടിഫിക്കെറ്റ് സംഘടിപ്പിച്ചു. അതിൽ സ്വന്തം പേരെഴുതിച്ചേർത്ത് രാജസ്ഥാൻ മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ നേടി. തുടർന്ന്, ദൗസ ജില്ലയിലെ ഖരേലയിലുള്ള സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രവർത്തിച്ചു. പലകാരണങ്ങളാൽ രണ്ടാഴ്ചകൊണ്ട് മഹാവർ അവിടത്തെ ജോലി ഉപേക്ഷിക്കുകയായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിലേക്ക്
പിന്നീട്, മഹാവർ ഡൽഹിയിലെത്തി. 2024 ഓഗസ്റ്റ് മുതൽ 2025 ഏപ്രിൽ വരെ പ്രശസ്തമായ ഗംഗാറാം ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ് കം വാർഡ് ബോയ് ആയി ജോലി ചെയ്തു. ഇക്കാലത്താണു സമൂഹമാധ്യമങ്ങൾ വഴി വ്യാജ സർട്ടിഫിക്കെറ്റ് മാഫിയയുമായി ബന്ധപ്പെടുന്നത്. പന്ത്രണ്ടാം ക്ലാസ്, എംബിബിഎസ്, എംഡി ബിരുദങ്ങൾ 6.5 ലക്ഷം രൂപയ്ക്കു നൽകാമെന്നു സംഘം വാഗ്ദാനം ചെയ്തു. ഡൽഹി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉൾപ്പെടെയാണു സംഘം വാഗ്ദാനം ചെയ്തത്.
തമിഴ്നാട് വിദ്യാഭ്യാസ ബോർഡിന്റെ പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റും, സിക്കിം മണിപ്പാൽ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ എംബിബിഎസ്, എംഡി ബിരുദങ്ങളും അയാൾ വാങ്ങി. കൊറിയർ വഴിയാണ് അയാൾക്കു സർട്ടിഫിക്കെറ്റുകൾ ലഭിച്ചത്. ഇവ ഉപയോഗിച്ച് ഡൽഹി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടി. തുടർന്ന്, 2025 ജൂണിൽ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ റസിഡന്റായി അയാൾ ജോലിയിൽ പ്രവേശിച്ചു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് സഫ്ദർജംഗ്.
സംഘടിത തട്ടിപ്പ്
വ്യാജ രേഖകൾ ഉപയോഗിച്ച് മെഡിക്കൽ പ്രാക്ടീഷണർമാരായി രജിസ്ട്രേഷൻ നേടിയെന്ന രാജസ്ഥാൻ മെഡിക്കൽ കൗൺസിലിന്റെ പരാതിയെത്തുടർന്ന് 2024 ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് എസ്ഒജിക്ക് കൈമാറിയത്. മഹാവർ ഉൾപ്പെടെ എട്ടു പേർക്കെതിരെയായിരുന്നു ആദ്യ കേസ്. മഹാവറുടെ അറസ്റ്റോടെയാണ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയും വാട്സാപിലൂടെയും പ്രവർത്തിക്കുന്ന വലിയ തട്ടിപ്പുസംഘത്തിലേക്ക് അന്വേഷണമെത്തിയത്.
അടുത്തിടെ ഗുജറാത്തിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ മുതൽ ക്ലിനിക്കുകളിൽ വരെ ജോലി ചെയ്തിരുന്ന നിരവധി വ്യജ ഡോക്ടാർമാരെയാണ് ആഴ്ചകൾക്കു മുമ്പു പൊലിസ് അറസ്റ്റ് ചെയ്തത്.



