മരിച്ചെന്ന് കരുതി സംസ്കരിച്ച യുവാവ് ജീവനോടെ തിരിച്ചെത്തി

ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ മരിച്ചെന്ന് കരുതി സംസ്കാര ചടങ്ങുകളും മരണാനന്തര കർമങ്ങളും പൂർത്തിയാക്കിയ യുവാവ് ഒരു മാസത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി. മാനസിക വെല്ലുവിളി നേരിടുന്ന സനാതൻ നായിക് (29) എന്ന യുവാവാണ് വീട്ടിൽ തിരിച്ചെത്തിയത്കഴിഞ്ഞ ജൂലൈ 27-നാണ് സനാതൻ നായിക് സൈക്കിളിൽ വീടുവിട്ട് ഇറങ്ങിയത്. ഏറെ തെരഞ്ഞിട്ടും കണ്ടെത്താനാവാത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷം വീടിനു സമീപമുള്ള പാടശേഖരത്തിൽ നിന്ന് അഴുകിയ നിലയിൽ ഒരു മൃതദേഹം പൊലിസ് കണ്ടെടുത്തു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ കണ്ട് സനാതന്റെ മൃതദേഹമാണെന്ന് കുടുംബം തിരിച്ചറിയുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങിയ കുടുംബം സംസ്കാര ചടങ്ങുകൾ നടത്തി.
എന്നാൽ സനാതൻ ജീവനോടെയുണ്ടെന്ന് പിന്നീട് പൊലിസ് കണ്ടെത്തി. വിവരം ലഭിച്ചയുടൻ ബന്ധുക്കൾ സ്ഥലത്തെത്തി സനാതനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
അതേസമയം, സനാതന്റെ കുടുംബം സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്ന ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




