ഓണം കഴിഞ്ഞാൽ ഉടൻ വരുന്ന ചെലവുകൾക്കായി പണം കണ്ടെത്തുന്ന കാര്യത്തിൽ കടുത്ത ആശങ്കയിൽ സർക്കാർ. വിവിധ വകുപ്പുകളിൽ നിന്നുള്ള സമ്മർദം കാരണം ഓണത്തോടനുബന്ധിച്ച് വൻ പണച്ചെലവാണ് സർക്കാർ നടത്തേണ്ടിവരുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ജനങ്ങൾക്കു നേരിട്ടു ഗുണം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും പണം അനുവദിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 2,000 കോടി രൂപയെങ്കിലും ഇക്കുറി അധികം ചെലവിടേണ്ടി വന്നെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇനിയും പണം ആവശ്യപ്പെട്ട് വകുപ്പുകളിൽ നിന്നു കടുത്ത സമ്മർദവുമുണ്ട്.
ഓണാവധിക്കു തൊട്ടുപിന്നാലെ സെപ്റ്റംബർ 1 മുതൽ ഇൗ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യേണ്ടിവരുന്നതാണ് സർക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി. 5,000 കോടി രൂപയിലേറെയാണ് ഒരു മാസം ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ വേണ്ടത്. 1,600 കോടിയോളം രൂപ, മുൻപ് കടമെടുത്ത തുകയുടെ പലിശ അടയ്ക്കാൻ വേണം. ദൈനംദിനാവശ്യങ്ങൾക്കും പദ്ധതികൾക്കും മറ്റുമായി വേണ്ടിവരുന്ന ചെലവു വേറെ. ജിഎസ്ടി അടക്കമുള്ള നികുതികൾ വഴിയും മറ്റുമുള്ള വരുമാനം കൊണ്ട് ഇൗ ചെലവുകൾ മുഴുവൻ നിറവേറ്റാൻ കഴിയില്ല. 2,000 കോടി രൂപയുടെയെങ്കിലും കുറവാണ് സെപ്റ്റംബറിൽ സർക്കാർ പ്രതീക്ഷിക്കുന്നത്
തിരുവോണ നാളിൽ 1,300 കോടി രൂപ സർക്കാർ കടമെടുക്കുന്നുണ്ട്. ഇതിൽ ഒരു വിഹിതം ശമ്പള, പെൻഷൻ ചെലവുകൾക്കായി ഉപയോഗിക്കും. കേന്ദ്ര സർക്കാർ മുൻപ് നൽകിയ കണക്കു പ്രകാരം 721 കോടി രൂപയാണ് പിന്നെ കടമെടുക്കാൻ ബാക്കിയുണ്ടാകുക. എന്നാൽ, കിഫ്ബി നടത്തിയ വായ്പാ തിരിച്ചടവും മറ്റും ചൂണ്ടിക്കാട്ടി 2,000 കോടി രൂപ വരെ കടമെടുക്കാൻ കഴിയുമെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. കേന്ദ്രം അനുവദിച്ച കടമെടുപ്പുപരിധി അടുത്ത മാസത്തോടെ കടക്കും. പിന്നീട് എന്തു ചെയ്യുമെന്ന വലിയ ആശങ്കയിലാണു ധനവകുപ്പ്. ശമ്പളവും പെൻഷനും വരെ മുടങ്ങേണ്ട സാഹചര്യത്തിലേക്കു കാര്യങ്ങൾ നീങ്ങാതിരിക്കാൻ കേന്ദ്ര സഹായം തേടി ധനസെക്രട്ടറിയെ അടുത്തയാഴ്ച ഡൽഹിക്ക് അയയ്ക്കുന്നുണ്ട്.
കെഎസ്എഫ്ഇയിൽ മുൻകൂർ ശമ്പളം
കെഎസ്എഫ്ഇയിൽ ഇൗ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. മാസത്തെ അവസാന ദിവസമാണ് കെഎസ്എഫ്ഇയിൽ ശമ്പളം നൽകാറുള്ളത്.
ഓണം കാരണമുള്ള ബാങ്ക് അവധികൾ കണക്കിലെടുത്ത് ശമ്പളം മുൻകൂട്ടി നൽകാൻ സർക്കാർ അനുമതി നൽകിയതോടെയാണ് മുൻകൂട്ടി വിതരണം തുടങ്ങിയത്. സംസ്ഥാനത്ത് ലാഭത്തിൽ മുന്നിലുള്ള സ്ഥാപനമാണ് കെഎസ്എഫ്ഇ.